ദുബായ്: രണ്ടാം ഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. റംസാൻ പ്രമാണിച്ച് യു.എ.ഇ പുതിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കടകളിലേയ്ക്കും മറ്റുമുള്ള സന്ദർശനം കുറയ്ക്കാനും വാങ്ങുന്ന സാധനങ്ങൾ അണുവിമുക്തമായി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്.മുതിർന്ന പൗരന്മാരും വിട്ടുമാറാത്ത രോഗങ്ങമുള്ളവരുമടക്കമുള്ള ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികള്‍ ഷോപ്പിംഗിന് പോകുന്നത് ഒഴിവാക്കണം.പൊതുവായ പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഖത്തറിലെ മ്യൂസിയങ്ങള്‍, എക്‌സിബിഷനുകള്‍, ഫുഡ് ആൻഡ് ബിവറേജ് ഔട്ട്‌ലെറ്റുകൾ, കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
@ കർഫ്യൂ നീക്കി ഒമാൻ
റംസാൻ ആരംഭിക്കുന്നത് വരെ കർഫ്യൂ നിയന്ത്രണങ്ങള്‍ നീക്കി ഒമാൻ. ഇന്നലെ മുതലാണ് നിയന്ത്രണങ്ങൾ നീക്കിയത്. അതേസമയം, രാജ്യത്തേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിൽ താമസിക്കുന്നവർക്കും ഒമാന്‍ പൗരന്മാർക്കും മാത്രമേ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കൂ.
@ ലോകരാജ്യങ്ങൾ പ്രതിസന്ധിയിൽ
അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ വീണ്ടും കൊവിഡിന്റെ പിടിയിലമരുകയാണ്. അമേരിക്ക, ഇന്ത്യ,ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ രണ്ടാംഘട്ട വ്യാപനം അതിശക്തമാണ്. എന്നാൽ, വാക്സിൻ വിതരണം ഒരു പരിധി വരെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സഹായകമായെന്ന ബ്രിട്ടന്റെ പ്രസ്താവന ലോകരാജ്യങ്ങൾക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്.