ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിലും പുൽവാമയിലെ ത്രാൽ മേഖലയിലും നടന്ന ഏറ്റുമുട്ടലുകളിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ജമ്മുകാശ്‌മീർ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് തെക്കൻ കാശ്‌മീരിലെ ഷോപ്പിയാനിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ ഉച്ചവരെ നീണ്ടുനിന്നു. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അൽ ഖ്വായിദയുമായി ബന്ധമുള്ള ഭീകരസംഘടനയായ അൻസാർ ഗസ്‌വത് - ഉൽ ഹിന്ദിന്റെ പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം.
സംഘടനയുടെ ഉന്നത കമാൻഡർ പ്രദേശത്തുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവരുടെ സംയുക്തസംഘം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ അടുത്തുള്ള മുസ്ളിംപള്ളിയിൽ ഒളിച്ചിരുന്നു.
ഇമാം അടക്കമുള്ള മതമേധാവികളെ പൊലീസ് പള്ളിയിലേക്ക് അയച്ച് ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സേനയ്ക്ക് നേരെ വീണ്ടും വെടിവച്ചു.
തുടർന്ന് സൈന്യം പള്ളിയിലേക്ക് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ച് അഞ്ചുഭീകരരെയും പുറത്ത് ചാടിച്ച് വധിക്കുകയായിരുന്നു. പള്ളിക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന് ശ്രീനഗർ ഐ.ജി വിജയകുമാർ പറഞ്ഞു.
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരർ സംഭവസ്ഥലത്ത് നിന്ന് പുൽവാമയിലെ ത്രാൽമേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു. സൈന്യം ഇവരെ പിന്തുടർന്ന് ഇന്നലെ രാവിലെ വധിച്ചു.
ശ്രീനഗറിലെ പ്രാന്തപ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ 17 മണിക്കൂർ നീണ്ട ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.