മലയിൻകീഴ്: വിളവൂർക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം- ബി.ജെ.പി സംഘർഷങ്ങളിലും വീട് കയറി ആക്രമണങ്ങളിലുമായി ഇരുവിഭാഗങ്ങൾക്കുമെതിരായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിന് തലേദിവസം കളിസ്ഥലത്തേക്ക് വാഹനം ഓടിച്ച് കയറ്റിയത് മുതൽ കഴിഞ്ഞ ദിവസം ബി.ജെ.പി, സി.പി.എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതുവരെയുള്ള സംഭവങ്ങളിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രദേശത്ത് ശക്തമായ പൊലീസ് ബന്തവസ് തുടരുന്നതിനാൽ പുതുതായി അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും സംബന്ധിച്ചു.
അക്രമം ആവർത്തിക്കില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായി പൊലീസ് വെളിപ്പെടുത്തി. അക്രമസംഭവങ്ങളിലെ പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളിൽ പരിക്കേറ്റ ഗർഭിണിയായ യുവതി ഉൾപ്പെടെയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.