ലണ്ടൻ:ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബറോ ) ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. വിൻഡ്‌സർ കൊട്ടാരത്തിൽ ഇന്നലെ രാവിലെ ( ബ്രിട്ടീഷ് സമയം ) ആയിരുന്നു അന്ത്യം. അണുബാധയ്‌ക്കും ഹൃദയ ശസ്‌ത്രക്രിയയ്ക്കുമായി ഇരുപത്തെട്ട് ദിവസം ആശുപത്രിയിലായിരുന്ന അദ്ദേഹം മാർച്ച് 16നാണ് വിൻഡ്സർ കൊട്ടാരത്തിൽ തിരിച്ചെത്തിയത്.
ഇന്നലെ ഉച്ചയോടെ എലിസബത്ത് രാജ്ഞി ( 94 ) തന്നെയാണ് എഴുപത്തിമൂന്ന് വർഷം നീണ്ട ദാമ്പത്യത്തിന് അന്ത്യം കുറിച്ച് ഫിലിപ്പ് രാജകുമാരൻ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്. നൂറാം പിറന്നാളിന് കൃത്യം രണ്ട് മാസം ശേഷിക്കെയാണ് അന്ത്യം. അനാരോഗ്യം കാരണം 2017മുതൽ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഫിലിപ്പ് രാജകുമാരന്റെ അഭിലാഷ പ്രകാരം ബെർക്ക്ഷയറിലെ വിൻഡ്സർ കൊട്ടാരത്തിലായിരിക്കും സംസ്‌കാരം. ലണ്ടനിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സൈനിക അകമ്പടിയോടെ വിലാപയാത്ര നടക്കുമെന്നും റിപ്പോർട്ടുണ്ട്. സംസ്കാര സമയം വെളിപ്പെടുത്തിയിട്ടില്ല.
എലിസബത്ത് - ഫിലിപ്പ് ദമ്പതികൾക്ക് നാല് മക്കളാണ് - രാജകുമാരന്മാരായ ചാൾസ്, ആൻഡ്രൂ, എഡ്വേർഡ് എന്നിവരും ആൻ രാജകുമാരിയും. ചാൾസിന്റെ മക്കളാണ് വില്യമും ഹാരിയും. എട്ട് പേരക്കുട്ടികളും അവർക്ക് പത്ത് മക്കളുമുള്ള മുതുമുത്തച്ഛനാണ് ഫിലിപ്പ് രാജകുമാരൻ.
രാജകുമാരനോടുള്ള ആദരസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലും ബ്രിട്ടനിലെമ്പാടും കോമൺവെൽത്ത് രാജ്യങ്ങളിലും ദേശീയപതാകകൾ പകുതി താഴ്‌ത്തി. എലിസബത്ത് രാജ്ഞിക്ക് എട്ട് ദിവസത്തെ ദുഃഖാചരണമാണ്. കൂടാതെ രാജകീയ ദുഃഖാചരണം 30 ദിവസം നീളും.