തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പിന്
പടക്കമെറിഞ്ഞ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഗുഡ്സ് യാർഡ് കോളനിയിൽ താമസക്കാരനായ ജാങ്കോ കുമാറെന്ന അനിൽകുമാറിന് വേണ്ടിയാണ് (37) പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇന്നലെ വൈകുന്നേരം 7.30ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് എതിർവശത്ത് വച്ചായിരുന്നു പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.
പേട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ റിനോഫ്, എ.എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘം ജീപ്പ് റോഡരികിൽ പാർക്ക് ചെയ്തശേഷം റോഡിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറിയുള്ള ഒരു വീട്ടിലേക്ക് പോയ സമയത്താണ് ജാങ്കോകുമാർ ജീപ്പിന് നേരെ പടക്കം എറിഞ്ഞത്. സംഭവസമയത്ത് പൊലീസുകാരാരും ജീപ്പിൽ ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് പൊലീസുകാർ തിരിച്ചെത്തുമ്പോൾ ജീപ്പിന് സമീപം തീയും പുകയും കണ്ടു. പടക്കത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പൊലീസിനെ കണ്ട് ജാങ്കോകുമാർ ഓടി രക്ഷപ്പെടുകയും ചെയ്തു. മുമ്പും പൊലീസ് വാഹനത്തിനും പൊലീസുദ്യോഗസ്ഥർക്കുമെതിരെ പടക്കമെറിഞ്ഞതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. കൂടാതെ നിരവധി അടിപിടി കേസുകളിലും അക്രമങ്ങളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ജാങ്കോകുമാറിനായി കൊച്ചുവേളിയിലും പരിസരത്തും തിരച്ചിൽ ശക്തമാക്കി.