യുവതി അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: ഇരുമ്പുപാരക്ക് തലക്ക് അടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ടിന്റു മരിയ ജോൺ അതീവ ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിയായിരുന്ന പാലാ കടപ്പാട്ടൂർ പുറ്റുമഠത്തിൽ സന്തോഷിനെ (അമ്മാവൻ സന്തോഷ് - 61) ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ കുറ്റം സമ്മതിച്ചതായി പാലാ പൊലീസ് വ്യക്തമാക്കി.
വെള്ളിയേപ്പള്ളിയിൽ ചൊവ്വാഴ്ച വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയേപ്പള്ളി വലിയ മനയ്ക്കൽ ടിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. പ്രണയം ബാദ്ധ്യതയായപ്പോൾ യുവതിയെ വെട്ടിക്കൊല്ലാൻ തന്നെയാണ് കൊലക്കേസ് പ്രതി കൂടിയായ ഇയാൾ പദ്ധതിയിട്ടത്.
ഏറ്റുമാനൂർ സ്വദേശിനിയായ ടിന്റു മൂന്ന് വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാറുള്ള ടിന്റു സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് പോയിരുന്നത്. ഇതിനിടയിൽ 61 കാരനായ സന്തോഷുമായി 26കാരിയായ ടിന്റു പ്രേമത്തിലായി. ഒരുവർഷമായി സന്തോഷുമായി അടുപ്പത്തിലായിരുന്നതായി സന്തോഷ് പൊലീസിനോട് വ്യക്തമാക്കി.
കഴിഞ്ഞദിവസം ടിന്റു സന്തോഷുമായി അർത്തുങ്കൽ പള്ളിയിൽ പോയിരുന്നു. ഇതിനിടെ ടിന്റുവിന്റെ നിർബന്ധപ്രകാരം പിറ്റേന്ന് നാടുവിടാമെന്ന് സന്തോഷിന് സമ്മതിക്കേണ്ടിവന്നു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് ടിന്റുവിനെ ഒഴിവാക്കാൻ പല ഉപാധികളും പ്രയോഗിച്ചെങ്കിലും ടിന്റു നിർബന്ധം പിടിക്കുകയായിരുന്നു.
ബുധനാഴ്ച വെളുപ്പിന് നാലിന് ഇയാൾ ബന്ധുവിന്റെ സാൻട്രോ കാറിൽ ടിന്റുവിന്റെ വീടിന് അടുത്തെത്തുകയും യുവതിയെ ഫോൺവിളിച്ച് പുറത്തിറക്കിയ ശേഷം കൈയിൽ കരുതിയ ഇരുമ്പു പാരയ്ക്ക് തലയ്ക്കടിക്കുകയുമായിരുന്നു. മരിച്ചുവെന്ന് കരുതി ടിന്റുവിന്റെ ഫോണും കൈക്കലാക്കി കാറിൽ രക്ഷപ്പെട്ടു. ഫോൺ പാലാ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്കെറിഞ്ഞു. തുടർന്ന് പതിവുപോലെ പാലാ ടൗണിൽ ഓട്ടോ ഒാടിക്കാനെത്തി.
പ്രതി സന്തോഷാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് പാലാ എസ്.എച്ച്.ഒ സുനിൽ തോമസ് മഫ്തിയിൽ ഇയാളുടെ ഓട്ടോയിൽ യാത്ര ചെയ്ത് യുവതിയെ ആരോ ആക്രമിച്ച വിവരം പറഞ്ഞു. ഇതോടെ ഇയാൾ ആകെ അസ്വസ്ഥനായി. തുടർന്ന് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. തലയ്ക്് അടിക്കാൻ ഉപയോഗിച്ച പാരയും ടിന്റുവിന്റെ ഫോണും പൊലീസ് കണ്ടെടുത്തു.
കെ.എസ്. ആർ. ടി. സി. യിൽ നിന്ന് ഡ്രൈവറായി വിരമിച്ച സന്തോഷ് കെ.എസ്.ഇ. ബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.