യൂറോപ്പ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഗ്രനാഡ: യൂറോപ്പ ലീഗ് ഒന്നാം പാദ ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. സ്പാനിഷ് ക്ലബ് ഗ്രനാഡയെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. മാർകസ് റാഷ്ഫോർഡും പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്. എതിർ മൈതാനത്ത് നേടിയ രണ്ട് ഗോളിന്റെ ആനുകൂല്യം രണ്ടാം പാദത്തിന് മുമ്പ് യുണൈറ്റഡിന് ഏറെ മുൻതൂക്കം നൽകുന്നതായി.
കളിയുടെ എല്ലാമേഖലയിലും യുണൈറ്റഡിന്റെ മുൻതൂക്കം ആയിരുന്നു. പാസിംഗിലും ബോൾ പൊസഷിനിലുമെല്ലാം യുണൈറ്റഡ് ബഹുദൂരം മുന്നിലായിരുന്നു.30-ാം മിനിട്ടിലായിരുന്നു ലിൻഡലോഫിന്റെ പാസിൽ നിന്ന് റാഷ്ഫോർഡ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. കളിയവസാനിക്കാറാകവെ തൊണ്ണൂറാം മിനിട്ടിൽ ഗ്രനാഡെയുടെ യാൻ ബ്രിക്സ് എറ്റേകി ബ്രൂണോയെ വീഴ്ത്തിയതിനാണ് റഫറി യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ബ്രൂണോ പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ എ.എസ്.റോമ 2-1ന് അയാക്സിനെ വീഴ്ത്തി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് റോമ വിജയം സ്വന്തമാക്കിയത്. ക്ലാസ്സന്റെ ഗോളിൽ 39-ാം മിനിട്ടിൽ അയാക്സ് മുന്നിലെത്തി. രണ്ടാം പകുതിയിൽ അമ്പത്തിയേഴാം മിനിട്ടിൽ ലോറൻസോ പെല്ലഗ്രിനിയുടെ ഗോളിൽ റോമ ലീഡെടുത്തു. തുടർന്ന് നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിട്ട് ശേഷിക്കെ ഇബാനസ്സ് റോമയുടെ വിജയ ഗോൾ നേടുകയായിരുന്നു. അയാക്സിന്റെ തട്ടകമായ ആംസ്റ്റർഡാം അരീനയിൽ നേടിയ ജയം റോമയ്ക്കും മുൻതൂക്കമായി.
എന്നാൽ ആഴ്സനലിനെ സ്ലാവിയ പ്രാഹ സമനിലയിൽ പിടിച്ചു.86-ാം മിനിട്ടിൽ പെപ്പേയുടെ ഗോളിൽ ലീഡടുത്ത ആഴ്സനലിനെ രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിട്ടിൽ തോമസ് ഹോളസ് നേടിയ ഗോളിലാണ് പ്രാഹ സമനിലയിൽ പിടിച്ചത്. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. വിയ്യാ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡൈനാമോ സാഗ്രബിനെ വീഴ്ത്തി.