prince-philip-and-elizabe

ലണ്ടൻ:ആദ്യമായി എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടുമ്പോൾ ഫിലിപ്പ് രാജകുമാരന് 18ഉം എലിസബത്ത് രാജ്ഞിയ്ക്ക് 13മായിരുന്നു പ്രായം. 1939ലായിരുന്നു ആ രാജകീയ കൂടിക്കാഴ്ച. ഡാർട്ട്മൗത്തിലെ റോയൽ നേവി കോളേജ് സന്ദർശിക്കാനെത്തിയ ഫിലിപ്പിനോട് രാജാവിന്റെ രണ്ട് പെൺമക്കൾക്ക് അകമ്പടി സേവിക്കാൻ ലൂയിസ് മൗണ്ട്ബാറ്റൻ ആവശ്യപ്പെട്ടു. ബന്ധുക്കളാണെങ്കിലും അന്നാദ്യമായി ആയിരുന്നു എലിസബത്ത് ഫിലിപ്പിനെ കാണുന്നത്. ആദ്യക്കാഴ്ചയിൽ തന്നെ എലിസബത്തിന്റെ മനസിൽ ഫിലിപ്പിനോട് ആദ്യാനുരാഗം മൊട്ടിട്ടു. സുന്ദരിയും അതിലുപരി സമർത്ഥയുമായ എലിസബത്തിനെ ഫിലിപ്പിനും ഏറെ ഇഷ്ടമായി. ഇരുവരും കത്തുകൾ കൈമാറാൻ തുടങ്ങി. ആറ് വർഷങ്ങൾക്ക് ശേഷം എലിസബത്തിന്റെ പിതാവായ ജോർജ് ആറാമൻ

രാജാവിനോട് മകളെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് ഫിലിപ്പ് അറിയിച്ചു. ഫിലിപ്പിന്റെ കണ്ണുകളിലെ പ്രണയം സത്യസന്ധമാണെന്ന് മനസിലാക്കിയ രാജാവ് 1947ൽ ഇരുവരുടേയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. അന്ന് മുതൽ രാജ്ഞിയ്ക്ക് താങ്ങും തണലുമായി ഫിലിപ്പ് ഒപ്പമുണ്ടായിരുന്നു. കേവലം 26 വയസ് മാത്രമുള്ളപ്പോഴാണ് എലിസബത്ത് രാജ്ഞിയായി സ്ഥാനമേൽക്കുന്നത്.ഭാര്യയുടെ നേട്ടങ്ങളിൽ അദ്ദേഹം എല്ലായ്പ്പോഴും അഭിമാനിച്ചിരുന്നു. കാരുണ്യ പ്രവർത്തനങ്ങൾക്കുൾപ്പെടെ എല്ലാ കാര്യങ്ങളിലും എന്നോടൊപ്പം അദ്ദേഹമുണ്ട്.‌ ഞാൻ ഒറ്റയ്ക്കല്ല. ഞാൻ പറയുന്നതെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു.

ഫിലിപ്പ് തന്റെ ശക്തിയും വഴികാട്ടിയുമാണെന്നും എലിസബത്ത് പലപ്പോഴും പറ‌ഞ്ഞിരുന്നു. ഭർത്താവെന്നതിലുപരി എലിസബത്തിന്റെ ആത്മാർത്ഥ സുഹൃത്തായി ഫിലിപ്പ് എല്ലാക്കാലവും നിലകൊണ്ടു. വർഷങ്ങളേറെക്കഴിഞ്ഞിട്ടും ഫിലിപ്പിനും എലിസബത്തിനുമിടയിലുള്ള പ്രണയം അൽപ്പം പോലും കുറഞ്ഞിരുന്നില്ല. ഫിലിപ്പിനോടൊപ്പമുള്ള ഫോട്ടോകളിൽ എലിസബത്ത് കൂടുതൽ സുന്ദരിയായും പ്രസന്നവദനയായും കാണപ്പെട്ടിരുന്നു. 2017ൽ അനാരോഗ്യം മൂലം പൊതു ജീവിതത്തിൽ നിന്ന് ഫിലിപ്പ് വിരമിച്ചെങ്കിലും എലിസബത്ത് ആശയക്കുഴപ്പത്തിലായാൽ അദ്ദേഹം ഒപ്പമുണ്ടാകുമായിരുന്നു. ഇന്ന് അദ്ദേഹം വിടവാങ്ങിയപ്പോൾ എലിസബത്ത് രാജ്ഞിയുടെ വലംകൈയ്യാണ് നഷ്ടമായെന്നുറപ്പ്.