sengar

ലക്‌നൗ: രാജ്യത്തെ നടുക്കിയ ഉന്നാവോ പീഡനക്കേസിലെ പ്രതിയും മുൻ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറിന്റെ ഭാര്യ, സംഗീത സെൻഗാർ ബി.ജെ.പി ടിക്കറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഉന്നാവോ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സണായ സംഗീത ഫത്തേപൂർ ചൗരാസിയിലെ മൂന്നാം വാർഡിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന സെൻഗാറിന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 10 വർഷം ജയിൽ ശിക്ഷയും വിധിച്ചിരുന്നു. 10 ലക്ഷം നഷ്ടപരിഹാരവും വിധിച്ചു. ഇതോടെ കുൽദീപിന് യു.പി നിയമസഭാംഗത്വം നഷ്ടമായി. പാർട്ടിയിൽ നിന്ന് പുറത്താക്കി. എന്നാൽ

ഇപ്പോഴും സെൻഗാർ കുടുംബത്തിന് ഉന്നാവോയിൽ സ്വാധീനമുണ്ടെന്ന് കണ്ടാണ് ബി.ജെ.പി സംഗീതയെ സ്ഥാനാർത്ഥിയാക്കുന്നത്. സംസ്ഥാന പാർട്ടി നേതൃത്വം സംഗീതയുടെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകി.
അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേരെത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് സെൻഗാറിനെ ജയിലിലെത്തി കണ്ടിരുന്നു.