തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും 'റസ്പുട്ടിൻ' ഗാനത്തിന് ചുവടു വയ്ക്കുന്ന വൈറൽ വീഡിയോ ആഘോഷമാക്കുന്ന ചിലർ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. പണ്ട് ഞാനും ഒരു ഡാൻസ് കളിച്ചിരുന്നു എന്നും അന്ന് തന്നെ തെറിവിളിച്ചവരാണ് ഈ വീഡിയോ ആഘോഷമാക്കി മാറ്റുന്നതെന്നും ജസ്ല പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ ഏതാനും പേർ വർഗീയ സ്വഭാവമുള്ള പോസ്റ്റുകളും കമന്റുകളുമായി രംഗത്ത് വന്നിരുന്നു. വീഡിയോയോടുള്ള ഇത്തരക്കാരുടെ പ്രതികരണം വൻതോതിൽ വിമർശനം ഏറ്റുവാങ്ങുകയും ഇത്തരം ചിന്താഗതിക്കാരെ തള്ളിക്കൊണ്ട് നിരവധി പേർ ജാനകിയേയും നവീനെയും പ്രശംസയ്ക്കുകയും ചെയ്തിരുന്നു.
മലപ്പുറത്ത്, എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് മൂന്ന് പെൺകുട്ടികൾ ഫ്‌ളാഷ് മോബിൽ ഡാൻസ് ചെയ്തതിനെതിരെ വന്ന സൈബർ ആക്രമണത്തെ വിമർശിച്ചുകൊണ്ടും പെൺകുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജസ്ല 2017ലെ ഐഎഫ്എഫ്കെ വേദിയിൽ മറ്റൊരു ഫ്ലാഷ് മോബിന് നേതൃത്വം നൽകിയിരുന്നു. ജസ്ലയുടെ ഡാൻസും സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിടുകയുണ്ടായി. ഈ സംഭവത്തെ കുറിച്ചാണ് ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നത്.
കുറിപ്പ് ചുവടെ:
'പണ്ട് ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളൂ. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു. മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലെങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.'