ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ കരുത്തറിയിച്ച് ടാറ്റാ മോട്ടോഴ്സ്. 2020 മാർച്ചിനെ അപേക്ഷിച്ച് 2021 മാർച്ചിൽ 505 ശതമാനം വിൽപന വളർച്ച സ്വന്തമാക്കിയാണ് കമ്പനി ഇന്ത്യൻ നിരത്തുകളിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. 2021 മാർച്ച് മാസത്തെ ആഭ്യന്തര വാഹന വിൽപ്പനയുടെ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ ഇ ഓട്ടോ ഡോട്ട് കോമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപന വളർച്ചയാണു മാർച്ചിലും ജനുവരി–മാർച്ച് ത്രൈമാസത്തിലും കൈവരിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് വൃത്തങ്ങൾ പറയുന്നു. ആഭ്യന്തര വിപണിയിൽ, 2020 മാർച്ചിൽ മൊത്തം 11,012 വാഹനം വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം 66,609 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റത്. വൈദ്യുത വാഹന വിഭാഗത്തിൽ 4,219 യൂണിറ്റാണ് 2020-21ലെ വിൽപന. മുൻ സാമ്പത്തിക വർഷത്തെ വൈദ്യുത വാഹന വിൽപ്പനയെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളമാണിത്. മാർച്ചിൽ 705ഉം 2021 ജനുവരി–മാർച്ച് പാദത്തിൽ 1,711ഉം വൈദ്യുത വാഹനങ്ങളുമാണ് കമ്പനി വിറ്റത്.
യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ ടാറ്റ 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 69% വളർച്ചയാണ് നേടിയത്. 222,025 യൂണിറ്റാണു 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനി വിറ്റത്. യാത്രാ വാഹന വിഭാഗത്തിൽ കമ്പനിയുടെ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപനയാണിതെന്നും റിപ്പോർട്ടുകളുണ്ട്.
വാണിജ്യ വാഹന വിഭാഗത്തിൽ 36,955 യൂണിറ്റ് വിൽപ്പനയാണു ഇക്കഴിഞ്ഞ മാർച്ചിൽ ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്. 2020 മാർച്ചിൽ വിറ്റ 5,336 യൂണിറ്റിനെ അപേക്ഷിച്ച് 593% അധികമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 464,515 വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയിൽ വിറ്റത്. 2019-20ൽ വിറ്റ 442,051 യൂണിറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധികമാണിത്.