മാഡ്രിഡ്: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോയ്ക്ക് സ്പാനിഷ് ലാലിഗയൽ ഇന്ന് രാത്രി പന്തുരുളും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 മുതൽ റയലിന്റെ തട്ടകമായ ആൽബർട്ടോ ഡെസ്റ്റിഫാനോ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ ലാലിഗയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ബാഴ്സലോണയും റയൽ മാഡ്രിഡും. ബാഴസയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 65 പോയിന്റും റയലിന് ഇത്രയും മത്സരങ്ങളിൽ നിന്നും 63 പോയിന്റുമാണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 66 പോയിന്റാണുള്ളത്. സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ 3-1ന് ബാഴ്സയെ കീഴടക്കിയിരുന്നു. എന്നാൽ സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനങ്ങളിൽ നിന്ന് മെസി ഫോമിലായതോടെ തിരിച്ചുവരവ് നടത്തിയ ബാഴ്സ ഇപ്പോൾ മിന്നൽക്കുതിപ്പാണ് നടത്തുന്നത്. പുതുവർഷത്തിൽ തോൽവി അറിയാതെയാണ് ബാഴ്സയുടെ കുതിപ്പ്. റയലും മികച്ച ഫോമിൽത്തന്നെയാണ്.
കണ്ണുകൾ മെസിയിലേക്ക്
ഇത് മെസിയുടെ അവസാന എൽ ക്ലാസിക്കോ ആയിരിക്കുമെന്നും അല്ലെന്നുമുള്ള തർക്കങ്ങളാണ് പന്തുകുളും മുന്നെ ഫുട്ബാൾ ലോകത്തെ ചൂടുള്ള ചർച്ച. ഈ സീസൺ അവസാനിക്കുന്നതോടെ മെസി ബാഴ്സ വിടുമെന്ന് ഒരുകൂട്ടർ പറയുമ്പോൾ , അതല്ല അടുപ്പക്കാരനായ പുതിയ പ്രസിഡന്റ് എത്തിയതോടെ ക്ലബും മെസിയുമായുള്ള അസ്വാരസ്യങ്ങൾ അവസാനിച്ചെന്നും മെസി എങ്ങും പോകില്ലെന്നുമാണ് മറുവാദം. എന്നാൽ ഇന്റർമിലാൻ റെക്കാഡ് തുകയയുമായി മെസിക്കായി വലവിരിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത് മെസിയുടെ അവസാന എൽ ക്ലാസിക്കോ അല്ലായിരിക്കുമെന്നും അദ്ദേഹം തുടർന്നേക്കുമെന്നും റയൽ കോച്ച് സിനദിൻ സിദാൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ലൈവ് :ഫേസ് ബുക്കിൽ
രാത്രി 12.30 മുതൽ