ലണ്ടൻ:ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ ദാമ്പത്യമാണ് ( 73 വർഷം ) ഫിലിപ്- എലിസബത്ത് ദമ്പതികളുടേത്. അധികാരത്തിലിരിക്കുന്ന രാജകുടുംബാംഗത്തിന്റെ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി എന്ന റെക്കാർഡും ഫിലിപ് രാജകുമാരനാണ്. 69 വർഷം മുമ്പാണ് എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായത്. അതിനും നാലു വർഷം മുമ്പായിരുന്നു അവരുടെ വിവാഹം. വിവാഹജീവിതത്തിൽ വിശ്വസ്തനായ ഭർത്താവെന്നതിലുപരി ഭരണകാര്യങ്ങളിൽ എലിസബത്ത് രാജ്ഞിയുടെ താങ്ങും തണലുമായി അണിയറയിൽ സൗമ്യനായി ജീവിച്ച വ്യക്തിയായിരുന്നു ഫിലിപ് രാജകുമാരൻ. രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിലാണ് അദ്ദേഹത്തിന് എഡിൻബറോ പ്രഭു എന്ന പദവി കൈവന്നത്.
എലിസബത്ത് 1952ൽ ബ്രിട്ടീഷ് രാജ്ഞി ആയതു മുതൽ ഫിലിപ് ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 150ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1961, 1983, 1997 വർഷങ്ങളിൽ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും ഇന്ത്യ സന്ദർശിച്ചിരുന്നു. പതിന്നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിരവധി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു.
1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിലാണ് ഫിലിപ്പിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവികസേനയിൽ പ്രവർത്തിച്ചു. അന്ന് ഏറ്റവും മികച്ച കേഡറ്റായിരുന്നു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. അന്ന് എലിസബത്തിന് 21 വയസായിരുന്നു. എലിസബത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞി ആയതു മുതൽ അദ്ദേഹം എല്ലാ പിന്തുണയും കരുത്തും പകർന്നു. ലോകം ആദരിക്കുന്ന രാജ്ഞിയുടെ പിന്നിൽ നിഴൽപോലെ അദ്ദേഹം നിന്നു.ഫിലിപ് ആശുപത്രിയിൽ കിടക്കുമ്പോഴാണ് ചാൾസിന്റെ ഇളയമകൻ ഹാരിയും ഭാര്യ മേഗനും കൊട്ടാരത്തിനെതിരെ കോളിളക്കമുണ്ടാക്കിയ വർണവിവേചന ആരോപണം ഉന്നയിച്ചത്.