തിരുവനന്തപുരം: ഡാൻസ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നൃത്ത മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്ന കുസാറ്റ് എസ്.എഫ്.ഐ നടപടിയെ വിമർശിച്ച് എം.എസ്.എഫ് അഖലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹിലിയ. നവീന്റെയും ജാനകിയുടെയും ഡാൻസ് സംഘികൾ എതിർത്തതിന്റെ മൂലകാരണം ഡാൻസ് വിരുദ്ധതയല്ല മുസ്ലിം വിരുദ്ധതയാണ്. ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാൻസ് മത്സരം നടത്തി പ്രതിഷേധിക്കുന്നവർ സ്വയം പരിഹാസ്യരാവുകയാണെന്നും ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.
ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഡാൻസ് സംഘികൾ എതിർത്തത് സദാചാര പ്രശനം കാരണമല്ല. നവീനും ജാനകിയും നാളെ ഒരുമിച്ച് മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചാലും സംഘികൾ പ്രകോപികതരാകും. ഒരു മുസ്ലിം ആണ്കുട്ടിയോട് ഹിന്ദു പെണ്കുട്ടി സൗഹൃദം സ്ഥാപിക്കുന്നതാണ് സംഘികളുടെ പ്രശ്നം. ഡാൻസ് വിരുദ്ധതയല്ല മുസ്ലിം വിരുദ്ധയാണ് മൂലകാരണം. ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാൻസ് മത്സരം നടത്തി പ്രതിഷേധിക്കുന്നവർ സ്വയം പരിഹാസ്യരാകുകയാണ്. ഉപരിപ്ലവമായ നാട്യപ്രകടനങ്ങളല്ല, വി.എസ് അച്യുതാനന്ദനും ജോസ് കെ മാണിയും ഉൾപ്പെടെയുള്ള ലൗ ജിഹാദ് പ്രചാരകരെ ആശയപരമായി നേരിടുകയാണ് വേണ്ടത്.
അഡ്വ. ഫാത്തിമ തഹിലിയ