vinod

ഉദയംപേരൂർ: ഉദയംപേരൂർ കള്ളനോട്ട് കേസിൽ നോട്ടിരട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ ചാലക്കുടി രണ്ടില ചെട്ടിത്തോട്ടത്തിൽ വീട്ടിൽ വിനോദ് (42) അറസ്റ്റിലായി. കേസിൽ മൂന്ന് പേർ അറസ്റ്രിലായതോടെ ഒളിവിൽപ്പോയ വിനോദിനെ ഇന്നലെ ചാലക്കുടിയിൽ നിന്നാണ് ഉദയംപേരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വിനോദ് പിടിയിലായതോടെ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള നോട്ടടി സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം. വിനോദ് കോഴിക്കോട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ പൊലീസ് എത്തുംമുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്.

നടക്കാവ് മാനസിവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകൻ പ്രിയൻ കുമാർ (36), കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവൻ, വാസുദേവന്റെ ഭാര്യ ധന്യ എന്നിവരാണ് കള്ളനോട്ട് കേസിൽ ആദ്യം പിടിയിലായത്. ഇവരുടെ മൊഴിയിൽ നിന്നാണ് ഇടനിലക്കാരനായ വിനോദിനെക്കുറിച്ച് വിവരം ലഭിച്ചത്.

പ്രിയന് തമിഴ്‌നാട് സംഘവുമായി രണ്ട് വർഷത്തെ ബന്ധമുണ്ട്. കേരളത്തിൽ എത്തിക്കുന്ന കള്ളനോട്ടുകൾ കടം വീട്ടാനും മറ്റുമാണ് ഇയാൾ ആദ്യം ഉപയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ നൽകിയിട്ടുണ്ട്.

 സംവിധായകനാകാൻ നോട്ടിരട്ടിപ്പ്

ചലച്ചിത്ര സംവിധായകനാകാൻ ആഗ്രഹിച്ചിരുന്ന പ്രിയൻ കുമാർ പല നിർമ്മാതാക്കളെയും കണ്ടെങ്കിലും ആരും പണം മുടക്കാൻ തയ്യാറായില്ല. തുടർന്നാണ് ഗുരുവായൂരിലെ സുഹൃത്തുക്കൾക്കൊപ്പം സ്വന്തമായി സിനിമ നിർമ്മിക്കാനും അതുവഴി സംവിധാനമോഹം യാഥാർത്ഥ്യമാക്കാനും പ്രിയൻ ശ്രമിച്ചത്. ഇതിനു പണം കണ്ടെത്താനാണ് നോട്ടിരട്ടിപ്പ് സംഘത്തിൽ കണ്ണിയായത്.