മുംബയ്: രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഓഹരി ഇടപാടിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മാർക്കറ്റ് റെഗുലേറ്റർ സെബി ചുമത്തിയ പിഴയ്ക്കെതിരെ മുകേഷ് അംബാനി അപ്പീൽ നൽകുമെന്ന് കമ്പനി അറിയിച്ചു. 1999-2000 മാർച്ചിലെ ഏറ്റെടുക്കൽ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേർക്കെതിരെ സെബി നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് കമ്പനിയുടെ അപ്പീൽ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ) 1994 ൽ കൺവേർട്ടിബിൾ വാറന്റുകളുമായി ഡിബഞ്ചറുകൾ പുറപ്പെടുവിക്കുകയും 2000 ൽ വാറന്റിനെതിരെ ഇക്വിറ്റി ഷെയറുകൾ അനുവദിക്കുകയും ചെയ്തിരുന്നു. ധിരുഭായ് അംബാനി അവിഭക്ത കമ്പനിയുടെ തലവനായിരിക്കുമ്പോഴായിരുന്നു ഇത്. 2002ൽ കമ്പനി മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും വിഭജിച്ചിരുന്നു. എന്നാൽ അന്നത്തെ പ്രൊമോട്ടർമാർക്കും പ്രൊമോട്ടർ ഗ്രൂപ്പിനുമാണ് ഇപ്പോൾ പിഴ ചുമത്തിയിട്ടുള്ളത്.