സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നേരെ ഉയരുന്ന കമന്റുകളെ ധീരമായി ഇവർ നേരിടാറുമുണ്ട്. കമന്റുകൾ അശ്ലീലതയിലേക്കും വ്യക്തിഹത്യയിലേക്കും നീങ്ങുമ്പോഴാണ് പലരും പ്രതികരിക്കുന്നത്. പലപ്പോഴും ശരീരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയും 'ബോഡിഷെയിമിംഗ്' നടത്തിക്കൊണ്ടുള്ള പരാമർശങ്ങളുമെല്ലാം ഇവർക്കെതിരെ ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ അടുത്തിടെ നേരിട്ട് ഒരനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ടി.വി താരം സായന്തനി ഘോഷ്.. സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ഒരു ചോദ്യത്തെക്കുറിച്ചാണ് സായന്തനി ഘോഷ് കുറിച്ചിരിക്കുന്നത്.
ഇന്നലെ ഒരു ഇന്ററാക്ടീവ് സെഷനിടെ ഒരാളെന്നോട് ബ്രായുടെ സൈസ് ചോദിച്ചു. അയാൾക്കുള്ള മറുപടി കൈയോടെ കൊടുത്തിരുന്നു. എങ്കിലും ഈ വിഷയത്തിൽ ഇനിയും ഒരുപാട് പറയാനുണ്ട്.. ഏത് തരത്തിലുള്ള ബോഡിഷെയിമിംഗും മോശമാണ്. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകളുടെ സ്തനങ്ങളെ ചൊല്ലി ഇത്രമാത്രം ആകാംക്ഷ നിലനിൽക്കുന്നത് എന്ന് മനസിലാകുന്നില്ല. അതിന്റെ സൈസ് അറിയണം. എ ആണോ ബി ആണോ സി ആണോ ഡി ആണോ... ആണുങ്ങൾ മാത്രമല്ല, പലപ്പോഴും പെൺകുട്ടികൾ പോലും ഈ ചിന്തയോട് ചേർന്നുപോകുന്നതായി കാണാമെന്ന് താരം കുറിക്കുന്നു..
സ്തനങ്ങളും ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അംഗീകരിക്കാൻ എന്താണിത്ര പ്രയാസം. അമ്മയുടെ റോളിലേക്കെത്തുമ്പോഴും മറ്റ് പല സന്ദർഭങ്ങളിലും സ്തനങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷേ എങ്ങനെ ആണെങ്കിലും അടിസ്ഥാനപരമായി അതൊരു ശരീരഭാഗമല്ലേ? ഇത്രയും അമിതപ്രാധാന്യം അതിന് നൽകുമ്പോൾ അവിടെ പ്രശ്നത്തിലാകുന്നത് സ്ത്രീകളാണ്...' സായന്തനി പറയുന്നു..
ഏത് തരം ബോഡിഷെയിമിംഗ് ആണെങ്കിലും അതിനോട് സ്ത്രീകൾ ഉറച്ച് പ്രതികരിക്കേണ്ട സമയമായിരിക്കുന്നുവെന്നും സായന്തനി ചൂണ്ടിക്കാട്ടി മനുഷ്യരാശി തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പോലും 'സൈസ്' വലിയ വിഷയമാകുന്നുവെന്ന് സായന്തനി സൂചിപ്പിക്കുന്നു. 'സൈസ്' അത്ര ചർച്ചയാകുന്നുണ്ടെങ്കിൽ ഹൃദയത്തിന്റെ 'സൈസ്' വലുതാക്കാമെന്നും അതിനകത്ത് സ്‌നേഹവും സ്വാഭിമാനവും ബഹുമാനവും സഹാനുഭൂതിയും പരിഗണനയും നിറയ്ക്കാമെന്നും സായന്തനി പറയുന്നു.
ലോക ആരോഗ്യദിനത്തിൽ മാനസികാരോഗ്യത്തെ കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട് എന്ന ആമുഖത്തോടെയാണ് സായന്തനി ഇൻസ്റ്റഗ്രാമിൽ വിശദമായ കുറിപ്പ് പങ്കുവച്ചത്. ഇപ്പോഴും 'സൈസ്' ചോദിച്ച് നടക്കുന്നതിന്റെ പിന്നിലെ മനശാസ്ത്രത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്നും സായന്തനി തന്റെ കുറിപ്പിലൂടെ പറയുന്നു.