ഐ.പി.എൽ പുതിയ സീസണിൽ ആദ്യ ജയം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മുംബയ് ഇന്ത്യൻസിനെ 2 വിക്കറ്റിന് കീഴടക്കി ഹർഷൽ പട്ടേലിന് അഞ്ച് വിക്കറ്റ് അവസാന ഓവറുകളിൽ ഡിവില്ലിയേഴ്സിന്റെ മിന്നലാട്ടം
വിജയം അവസാന പന്തിൽ
മുംബയ്: ആവേശം അവസാന പന്ത് വരെ നീണ്ട ഐ.പി.എൽ പതിന്നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ട് വിക്കറ്റിന് നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബാംഗ്ലൂർ 8 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (160/8). പതിവുപോലെ മുംബയ്ക്ക് തോറ്റ് തുടക്കം.
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഹർഷൽ പട്ടേലും ബാറ്റിംഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത എബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിന്റെ വിജയത്തിലെ നിർണായക താരങ്ങൾ.
ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്ടൻ വിരാട് കൊഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതിനൊപ്പം ക്രിസ് ലിന്നാണ് മുംബയ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ശ്രദ്ധയോടെയാണ് മുംബയ് തുടങ്ങിയത്. എന്നാൽ ടീം സ്കോർ 24ൽ വച്ച് അവർക്ക് നായകൻ രോഹിത് ശർമ്മയെ (19) നഷ്ടമായി. രോഹിത് ഇല്ലാത്ത റൺസിനോടി കൊഹ്ലിയുടെ ഫീൽഡിംഗ് മികവിൽ റണ്ണൗട്ടാവുകയായിരുന്നു. തുടർന്ന് ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽത്തന്നെ ഫോർ നേടി. ലിന്നിനൊപ്പം ബാംഗ്ലൂർ ബൗളർമാരെ സമർത്ഥമായി നേരിട്ട സൂര്യകുമാർ (23 പന്തിൽ 31) രണ്ടാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബയുടെ സ്കോർ ഉയർത്തി. കെയ്ൽ ജാമിസണാണ് ഡിവില്ലിയേഴ്സിന്റെ കൈയിൽ എത്തിച്ച് സൂര്യകുമാറിനെ മടക്കിയത്. അർഹിച്ച അർദ്ധ സെഞ്ച്വറിക്ക് ഒരുറൺസ് അകലെ ക്രിസ് ലിൻ വാഷിംഗ്ടൺ സുന്ദറിന് വിക്കറ്റ് നൽകി മടങ്ങി. 4 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ലിന്നിന്റെ 49റൺസിന്റെ ഇന്നിംഗ്സ്.
19 പന്തിൽ 28 റൺസെടുത്ത ഇഷാൻ കിഷനെ ഹർഷൽ എൽബിയിൽ കുരുക്കി. ക്രുനാലിനേയും പൊള്ളാഡിനേയും ഇരുപതാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ഹർഷൽ മടക്കി. ഹാട്രിക്ക് പ്രതീക്ഷ നൽകിയ ഹർഷലിന് പക്ഷേ അടുത്ത പന്തിൽ വിക്കറ്റെടുക്കാനായില്ല. എന്നാൽ തൊട്ടടുത്ത പന്തിൽ ജാൻസണെ ഹർഷൽ ക്ലീൻബൗൾഡാക്കി. അവസാന പന്തിൽ രാഹുൽ ചഹർ റണ്ണൗട്ടായി.
മുംബയ് ഉയർത്തിയ ഭേപ്പെട്ട വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ ഒരു ഘട്ടത്തിൽ ഇടറി വീഴുമെന്ന് തോന്നിച്ചെങ്കിലും എ ബി ഡിവില്ലിയേഴ്സ് അവസാന ഓവറുകളിൽ നടത്തിയ മിന്നലാട്ടം അവർക്ക് രക്ഷയാവുകയായിരുന്നു. 27 പന്ത് നേരിട്ട ഡിവില്ലിയേഴ്സ് 4 ഫോറും 2 സിക്സും ഉൾപ്പെടെ 47 റൺസാണ് നേടിയത്.
വിരാട് കൊഹ്ലിയും (29 പന്തിൽ 33), വാഷിംഗ്ടൺ സുന്ദറുമാണ് (10) റോയൽസിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. സുന്ദറിനെ ക്രിസ് ലിന്നിന്റെ കൈയിൽ എത്തിച്ച് ക്രുനാലാണ് മുംബയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പ്രതീക്ഷയോടെയെത്തിയ രജത്ത് പട്ടീദാർ (8) ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി നിരാശയോടെ മടങ്ങി. പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്വെൽ (28 പന്തിൽ 33) കൊഹ്ലിക്കൊപ്പം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 13-ാം ഓവറിൽ കൊഹ്ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ കളി മുംബയ്ക്ക് അനുകൂലമാക്കി. തൊട്ടു പിന്നാലെ സെറ്റ് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലിനേയും ഷഹബാസ് അഹമ്മദിനേയും (1) പുറത്താക്കി ഇരുപതുകാരൻ പേസർ മാർക്കോ ജാൻസൺ ബാംഗ്ലൂരിനെ പ്രതിസന്ധിയിലാക്കി.
പതിനേഴാം ഓവർ അവസാനിക്കുമ്പോൾ 18 പന്തിൽ 34 റൺസാണ് ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ബോൾട്ടിനെ സിക്സടിച്ച് തുടങ്ങിയ ഡിവില്ലിയേഴ്സ് കളി ബാംഗ്ലൂരിന്റെ വരുതിയിലാക്കി. ആ ഓവറിൽ പതിനഞ്ച് റൺസാണ് പിറന്നത്. അവസാന ഓവറിൽ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും അപ്പോൾ വിജയ ലക്ഷ്യം ബാംഗ്ലൂരിന്റെ കൈയെത്തും ദൂരത്തായിരുന്നു. ബുംരയും ജാൻസണും മുംബയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.