
തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് കാർ ആക്രമിച്ച് ജുവലറി ഉടമയിൽ നിന്ന് നൂറു പവൻ സ്വർണം കവർന്നു. കാറിനെ പിന്തുടർന്ന് എത്തിയ സംഘം മുളക് പൊടി എറിഞ്ഞ ശേഷം ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച ശേഷമാണ് സ്വർണം തട്ടിയെടുത്തത്. ഇന്നലെ രാത്രി ഒമ്പതോടെ പള്ളിപ്പുറം സി,ആർ.പി.എഫിനടുത്ത് ടെക്നോസിറ്റി കവാടത്തിനടുത്തെ ദേശീയപാതയിലാണ് സംഭവം.
നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സമ്പത്ത് എന്നയാളിനാണ് വെട്ടേറ്റത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വെള്ള മാരുതി കാറിൽ സമ്പത്തിന്റെ കാറിനെ പിന്തുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാർ തടഞ്ഞ് ജൂവലറിയുടമയുടെ ഇടത് കൈയിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം അപഹരിക്കുകയായിരുന്നു. കാറിലെ ഡ്രൈവറെ ബലമായി പിടിച്ചുകയറ്റി പോത്തൻകോട് വാവറയമ്പലത്തിനടുത്ത് ഇറക്കിവിട്ട ശേഷം കടന്നുകളഞ്ഞതായിട്ടാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. പരിക്കേറ്റ ജൂവലറിയുടമ ആശുപത്രിയിൽ ചികിത്സതേടി..