ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം സജീവ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി.
24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നും ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. 58,993 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡില്‍ 10,662 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 9,695 പേര്‍ക്കും ഡല്‍ഹിയില്‍ 8521 പേര്‍ക്കും കര്‍ണാടകയില്‍ 7955 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉദവ് താക്കറെ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വാക്സിന്‍ വിതരണം വിപുലപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതികള്‍ രൂപീകരിച്ചു തുടങ്ങി. അതേസമയം മുംബയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ മുംബയിലെ പകുതിയിലധികം കുത്തിവെപ്പുകേന്ദ്രങ്ങളും ഇന്നലെ അടച്ചു. വാക്സിന്‍ എന്നെത്തുമെന്ന് പറയാന്‍കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. മുംബയില്‍ ആകെ 120 കുത്തിവപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 71 എണ്ണമാണ് താത്കാലികമായി അടച്ചത്. മുംബയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്. അതോടെ രണ്ടാം ഡോസ് എടുക്കാനുള്ളവരും അങ്കലാപ്പിലായി.