തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്നു. ദേശീയപാതയിൽ പളളിപ്പുറത്തുവച്ച് കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലപുരം പൊലീസ് പ്രതികൾക്കായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പളളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം വൻ കവർച്ച നടന്നത്. ആഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടപ്പെട്ടത്.
സമ്പത്തിനൊപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്‌മണയെ കാണാനില്ല. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാർ നിർത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞത്. വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.
ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന സ്വർണമാണ് തട്ടിയെടുത്തത്. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച് വാവറ അമ്പലത്തിന് സമീപമാണ് ഉപേക്ഷിച്ചത്.