കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്. ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ 15.85 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 44 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളാണ് ഇതില്‍ ഭൂരിഭാഗവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടത്തെ 39 സീറ്റുകളും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അതുകൊണ്ടു തന്നെ ഭരണം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിക്കേണ്ടതുണ്ട്.
കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ത ചാറ്റര്‍ജി, അരൂപ് ബിഷ്‌വാസ് തുടങ്ങിയവരാണ് നാലാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. 370 സ്ഥാര്‍ത്ഥികളാണ് 44 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. 80000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 16000 പൊളിംഗ് സ്റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്. ചെറുപ്പക്കാരും യുവതികളും വോട്ടെടുപ്പില്‍ പങ്കെടുത്ത് പുതിയ പോളിംഗ് റെക്കാര്‍ഡ് സ്ഥാപിക്കണമെന്ന് ബംഗാളിലെ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ചില സ്ഥലങ്ങളില്‍ നിന്നും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂച്ച് ബെഹാറിലെ സീതാല്‍കുച്ചിലെ ഒരു പോളിംഗ് സ്റ്റേഷന് മുന്നില്‍ ബോംബ് പൊട്ടിത്തെറിച്ചു. സുരക്ഷാ സേനക്കെതിരെ വെടിവയ്പ്പുണ്ടാതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ പ്രദേശത്തു നിന്നും ബോംബുകള്‍ കണ്ടെടുത്തു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.