k-t-jaleel

തിരുവനന്തപുരം: ബന്ധുനിമയനത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ. കീഴ് കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ ഉടൻ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ എം മാണി ഉൾപ്പടെ ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും എ കെ ബാലൻ വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജലീൽ സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

സി പി എമ്മിന്റെ പൂർണ പിന്തുണയോടെയാണ് ജലീൽ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. മദ്ധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയല്‍ ചെയ്യാൻ പരിമിതികളുണ്ട്. പതിമൂന്നാം തീയതി മാത്രമാണ് ഇനി ഹൈക്കോടതി സിറ്റിംഗ് ഉളളത്. ഇതോടെയാണ് ഹർജി അവധിക്കാല ബെഞ്ചിന് മുമ്പാകെ എത്തിക്കാനുളള നീക്കം ജലീൽ നടത്തുന്നത്.

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ജലീലിന് എതിരെ ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.