guruvayoor

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പത്തുകോടി രൂപ തിരിച്ചടക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് താല്‍പര്യമില്ല. തുക തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ദേവസ്വം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമസുന്ദരം മുഖേനയാണ് ഹര്‍ജി. 2018, 2020 വര്‍ഷങ്ങളില്‍ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇതിനെതിരെ ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹര്‍ജിയിലായിരുന്നു തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധിയുണ്ടായത്. ദേവസ്വത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകള്‍ ആക്ഷേപമുന്നയിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. എ.നാഗേഷിനെ കൂടാതെ ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹര്‍ജി നല്‍കിയിരുന്നു.

ദേവസ്വംതുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിനെതിരെ ദേവസ്വം ഭരണസമിതിയില്‍ വിയോജിപ്പുണ്ടായിരുന്നു. ക്ഷേത്രം ഊരാളനും സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭരണസമിതിയുടെ നിലപാടിനോട് വിയോജിച്ചു. എന്നാല്‍ മറ്റുള്ള അംഗങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചവരാണ്. ഇവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനമെടുത്തത്.

1978-ല്‍ ആണ് ദേവസ്വം നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ചില ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ നിയമത്തില്‍ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്. ദേവസ്വംതുകയില്‍നിന്ന് മുന്‍വര്‍ഷങ്ങളിലും പലകാര്യങ്ങള്‍ക്കായി സംഭാവന നല്‍കിയത് വിവാദമായിട്ടുണ്ട്. ലക്ഷംവീട് പദ്ധതിക്കുവേണ്ടി അരക്കോടി രൂപ നല്‍കിയതും സോവനീറില്‍ പരസ്യം നല്‍കിയതുമായിരുന്നു നേരത്തേ വിവാദമായത്. അന്നും കോടതി ഇടപെട്ട് തുക തിരിച്ചടയ്ക്കാന്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അന്ന് വിധിയെ ചോദ്യംചെയ്ത് മേല്‍ക്കോടതിയെ സമീപിച്ചിരുന്നില്ല. തുക ദേവസ്വത്തില്‍ തിരിച്ചടക്കുകയും ചെയ്തു.