max-flights

ന്യൂയോർക്ക്: പ്രമുഖ വിമാന കമ്പനികൾ 737 മാക്‌സ് വിമാനങ്ങൾ സർവീസിൽ നിന്ന് താത്ക്കാലികമായി പിൻവലിച്ചു. മാക്‌സ് വിമാനങ്ങൾക്ക് വൈദ്യുത തകരാർ മൂലമുളള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്ന് നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കമ്പനികളുടെ നീക്കം. പതിനാറോളം കമ്പനികളാണ് മാക്‌സ് വിമാനങ്ങൾ പിൻവലിച്ചത്.

അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ അടിയന്തരമായി വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കാനാണ് ബോയിംഗിന്റെ നിർദേശം. ഏതെല്ലാം വിമാന കമ്പനികൾക്ക് നൽകിയ മാക്‌സ് വിമാനങ്ങൾക്കാണ് തകരാറെന്നോ എത്ര വിമാനങ്ങൾക്ക് തകരാറുണ്ടെന്നോ ബോയിംഗ് വ്യക്തമാക്കിയിട്ടില്ല.

ബോയിംഗുമായും വിമാന കമ്പനികളുമായും ബന്ധപ്പെട്ട് വരികയാണെന്നും വിമാനങ്ങൾ റദ്ദാക്കുന്നതിനെ കുറിച്ചും വിമാനങ്ങൾ വൈകുന്നതിനെ കുറിച്ചുമുളള വിവരങ്ങളറിയുന്നതിനായി യാത്രികർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എഫ് എ എ കൂട്ടിച്ചേർത്തു.

വിമാനങ്ങൾ താത്ക്കാലികമായി പിൻവലിക്കാനുളള നിർദേശം കമ്പനിയുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടാക്കിയിരിക്കുകയാണ്. 346 ജീവനുകൾ അപഹരിച്ച 2018ലേയും 2019ലേയും രണ്ട് അപകടങ്ങളെ തുടർന്ന് ബോയിംഗിന്റെ മാക്‌സ് വിമാനങ്ങൾ സർവീസുകളിൽ നിന്ന് പിൻവലിച്ച് എഫ് എ എ ഉത്തരവിറക്കിയിരുന്നു. ബോയിംഗിന്റെ ബെസ്റ്റ് സെല്ലിംഗ് എയർക്രാഫ്റ്റായിരുന്നു അതു വരെ 737 മാക്‌സ് വിമാനങ്ങൾ.

2020 നവംബറിൽ എഫ് എ എ മാക്‌സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. പിന്നീട് കൊവിഡ് മൂലം ആഗോളതലത്തിൽ വ്യോമഗതാഗതം നിർത്തിവച്ചതോടെ നൽകിയ ഓർഡറുകൾ വിമാന കമ്പനികൾ ഉപേക്ഷിച്ചതും ബോയിംഗിന് വൻതിരിച്ചടിയായി.