ജക്കാര്‍ത്ത: ടെക്‌നോളജി മനുഷ്യന് നല്‍കുന്ന സേവനങ്ങള്‍ വലുതാണ്. എന്നാല്‍ അതേ ടെക്‌നോളജി തന്നെ നമ്മേ കുഴിയിലും ചാടിക്കും. അത്തരത്തിലൊരു സംഭവമാണ് ഇന്തോനേഷ്യയില്‍ നിന്നും പുറത്ത് വരുന്നത്. വിവാഹവേദിയിലേക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍ നോക്കി വരന്‍ എത്തിചേര്‍ന്നത് മറ്റൊരു വിവാഹ വേദിയില്‍. എന്നാല്‍ വരനോ ബന്ധുകൾക്കോ എന്തിന് വധുവിന്റെ വീട്ടുക്കാര്‍ക്കോ ആദ്യം ഇക്കാര്യം മനസിലായില്ല.
വരനെയും ബന്ധുകളെയും സ്വീകരിച്ച വധുവിന്റെ വീട്ടുകാര്‍ അവര്‍ കൊണ്ടു വന്ന സമ്മാനങ്ങളും ഏറ്റുവാങ്ങി. പിന്നീട് വധുവിനെ വിവാഹ വേദിയില്‍ എത്തിക്കാനുള്ള സമയത്തിനിടെ ബന്ധുകള്‍ പരസ്പരം സംസാരിച്ചപ്പോളാണ് കാര്യം പിടികിട്ടിയത്. ഇതോടെ വരനും സംഘവും അവിടെ നിന്നും മടങ്ങി. രണ്ടു വിവാഹങ്ങള്‍ ഒരേ സ്ഥലത്ത് നടന്നതാണ് ഗൂഗിളിനെ വലച്ചത്. എന്നാല്‍ വരനും വീട്ടുകാര്‍ക്കും പെണ്‍വീട്ടുകാരെ തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതാണ് നാട്ടുകാര്‍ക്ക് കൗതുകമായത്. എന്തായാലും അവസാനം നിശ്ചയിച്ച കല്ല്യാണങ്ങള്‍ തന്നെയാണ് പിന്നീട് നടന്നത്. വരന്മാർ അവർക്ക് നിശ്ചിയിച്ചിരുന്ന യുവതികളെ തന്നെ കല്ല്യാണം കഴിച്ചു.