രൂപമാറ്റം വന്ന പല്ലി ഭീമാകാര രൂപം വന്ന് അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലെത്തി നാശം വിതയ്‌ക്കുന്നതാണ് ഹോളിവുഡ് ചിത്രമായ ഗോഡ്‌സില സിനിമയിലെ പ്രമേയം. തായ്‌ലന്റിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ഉടമയ്‌ക്കും ഏതാണ്ട് തത്തുല്യമായൊരു അവസ്ഥ നേരിടേണ്ടി വന്നു. ആഹാരം തേടിയെത്തിയ വാട്ടർ മോണിറ്റർ എന്ന ഭീമൻ ഉടുമ്പാണ് സൂപ്പർമാർക്കറ്റിനെ പൊളിച്ചടുക്കിയത്.
ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പല്ലി വർഗത്തിൽപ്പെട്ട ഭീമനാണ് വാട്ടർ മോണിറ്റർ. വളരെ ശാന്തനായി സൂപ്പർമാർക്കറ്റിൽ കയറിയ ഉടുമ്പ് ഇടനാഴികളിലൂടെ നടന്ന് ഒരു മൂലയിലെത്തി. ശേഷം മുന്നോട്ട് പോകാൻ വഴി കാണാത്തതുകൊണ്ടോ എന്തോ ആശാൻ നേരെ അടുത്തുകണ്ട ഷെൽഫിലേക്ക് വലിഞ്ഞുകയറി. ഷെൽഫിൽ ഉടുമ്പ് കയറുന്നത് കണ്ട് മാർക്കറ്റിൽ വന്നവരെല്ലാം അമ്പരന്നുപോയി. മുകളിൽ കയറുന്നതിനിടെ സാധനങ്ങളെല്ലാം ഉടുമ്പ് തട്ടി നിലത്തിട്ടു.
വൈകാതെ സൂപ്പർ മാർക്കറ്റ് ഉടമ വന്യജീവി രക്ഷകരെ വിളിച്ചുവരുത്തി. അവരെത്തുമ്പോഴേക്കും ഉടുമ്പ് കുറേ സാധനങ്ങൾ കൂടി തട്ടിയിട്ടിരുന്നു. ഉടുമ്പിന്റെ വാലിൽ പിടികൂടിയ രക്ഷാസേന അടുത്തുളള കാട്ടിൽ അതിനെ വിട്ടയച്ചു. കടയിൽ കയറി സാധനങ്ങൾ തട്ടിമറിച്ചെങ്കിലും ആഹാരസാധനങ്ങൾ ഒന്നും തിന്നാനോ മറ്റ് വലിയ നാശങ്ങൾക്കോ വാട്ടർ മോണിറ്റർ ശ്രമിച്ചില്ല.
കഴിഞ്ഞ കുറച്ചുനാളായി തായ്ലന്റിൽ വലിയ മഴയുണ്ടാകാത്തതിനാൽ ജലക്ഷാമവും ആഹാരക്ഷാമവും മൂലമാകാം വാട്ടർ മോണിറ്റർ നഗരത്തിലെത്തിയതെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ലോകത്ത് പല്ലിവർഗത്തിൽ രണ്ടാമത്തെ വലിയ ജീവിയാണ് വാട്ടർ മോണിറ്റർ. കൊമോഡോ ഡ്രാഗണാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലുത്.