feature-

ഒരു പഴയ തിരഞ്ഞെടുപ്പ് കാലം.

ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച 1990 കാലം.

നാട്ടുമ്പുറത്തെ ഒരു ആശുപത്രിയിലേക്ക് അരദിവസത്തെ ഒരു കൂലിപ്പണി കിട്ടി.

അതായത് ആശുപത്രിയിലെ ഡോക്ടറിന് അരദിവസത്തെ അസൗകര്യം.

വൈകുന്നേരത്തെ ഒ.പി. കഴിയാറായപ്പോൾ ഒരു നാൽവർ സംഘം കടന്നുവരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ ഗുണ്ടകളാണെന്ന് വിളിച്ചോതുന്ന ശരീരഭാഷ.

എന്താ പ്രശ്നം?

ഭയങ്കര ശരീരവേദനയാണ് ഡോക്ടർ.

എന്തെങ്കിലും കാരണം?

ഇന്നലെ ഒരു വർക്കുണ്ടായിരുന്നു.

ഇലക്ഷൻ വർക്കാണോ?

എന്നു പറയാം. ഒരു പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി അവിടെയിരുന്നവർക്കെല്ലാം അടിയും തൊഴിയും കൊടുത്ത് ആ പാർട്ടി ഓഫീസ് തല്ലിതകർത്തു. ക്വട്ടേഷനായിരുന്നു. ഇന്നുരാവിലെ ഞങ്ങൾക്കൊരു ബോഡി പെയിൻ!

ഞാനൊന്നു ഭയന്നു.

ഗുണ്ടകളെന്നു കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. പച്ചയ്ക്ക് ഗുണ്ടകളെ നേരിൽ കാണുന്നത് ഇതാദ്യം!

വർദ്ധിച്ച ഹൃദയമിടിപ്പോടെ നാലുപേരെയും പരിശോധിക്കുകയും ഭയം പുറത്തുകാണിക്കാത്ത രീതിയിൽ കൂളായി ചീട്ടെഴുതി കൊടുക്കുകയും ചെയ്തു.

അവർ മരുന്നു വാങ്ങാൻ പോയെങ്കിലും തൽക്ഷണം മടങ്ങിവന്നു.

ഞാനൊന്നു കൂടി വിരണ്ടു !

ഡോക്ടർ ഗുളിക മാത്രമേ എഴുതിയിട്ടുള്ളോ?
കുത്തിവെയ്ക്കാതെ ഞങ്ങൾക്ക് വേദന മാറൂല്ല സാറേ.

ലീഡർ ഗുണ്ട ദയനീയ സ്വരത്തിൽ പറഞ്ഞു.

അതെങ്ങനെ അറിയാം?
അനന്തര ഫലത്തെപ്പറ്റി ഒരു ചിന്തയുമില്ലാതെ ഞാനറിയാതെ ചോദിച്ചുപോയി.

ഞങ്ങൾ സ്ഥിരമായി വർക്കിനു പോകുന്നതല്ലേ ഡോക്ടർ.

ആ മുഖങ്ങൾക്ക് ഒട്ടും ചേരാത്ത ഒരു മന്ദഹാസം.

അതോ പരിഹാസമോ?

ഓക്കെ. സിസ്റ്റർ ഇവർക്ക് ഇഞ്ചക്ഷൻ കൊടുത്തേക്കൂ.

സിസ്റ്റർ റോസക്കുട്ടി അവിടെ ലഭ്യമായ ഏറ്റവും വലിയ സൂചികൾ ഉപയോഗിച്ച് നാലെണ്ണത്തിനും പെയിൻകില്ലർ താങ്ങി!

സ്ഥലം വിട്ടുകളയാം എന്നുകരുതി ഞാൻ പോകാൻ തുടങ്ങുമ്പോൾ റോസക്കുട്ടിയുടെ കരളലിയിക്കുന്ന ഒരു അപേക്ഷ!
അവർ പോയിട്ടു പോകാം ഡോക്ടർ, എനിക്കു പേടിയാകുന്നു...

അതു ന്യായമാണെന്നു എനിക്കു തോന്നി.
അവരെയൊന്നും എനിക്ക് പേടിയില്ല എന്ന ഭാവേന ഞാൻ പത്രമെടുത്തു വായിക്കാൻ തുടങ്ങി.

അതിൽ ഒരാൾ വീണ്ടും എന്റെ മുറിയിലേക്കു വന്നു.

ഞാൻ വീണ്ടും ഞെട്ടി !!

ഡോക്ടറേ കഴിഞ്ഞയാഴ്ച സിറ്റിയിലെ ഒരാശുപത്രിയിൽ ഒരു വർക്കുണ്ടായിരുന്നു. അന്ന്
എന്റെ നടുവിന് ഒരു ചതവുപറ്റി. അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അതിനെന്തെങ്കിലും മരുന്ന്?

ആശുപത്രിയിൽ എന്തു വർക്കായിരുന്നു?

ഞാൻ തെല്ലു ഭയത്തോടെ ചോദിച്ചു.

അവിടെ ഒരാശുപത്രിയിൽ ഇതുപോലെ ഞങ്ങൾ ഇഞ്ചക്ഷൻ എടുക്കാൻ പോയി. ഇഞ്ചക്ഷൻ എടുത്തിട്ടും വേദന മാറിയില്ല. ഡോക്ടർ പറഞ്ഞു പിറ്റേന്ന് മാറിക്കൊള്ളുമെന്ന്. പിറ്റേന്ന് ഞങ്ങൾക്ക് ഒരു ക്വട്ടേഷൻ ഉണ്ടായിരുന്നു. വേദന കാരണം ഞങ്ങൾക്ക് അതിന് പോകാൻ കഴിഞ്ഞില്ല.
അതുകൊണ്ട് ആ ഡോക്ടറെ ഒന്ന് കൈകാര്യം ചെയ്യേണ്ടിവന്നു. ആശുപത്രി തല്ലിതകർക്കുകയും ചെയ്തു.
ബഹളത്തിനിടയിൽ സ്‌റ്റെപ്പു തെറ്റി ഒന്നു വീണു. നടുവിന് നല്ല തട്ടുകിട്ടി.

ഞാൻ വിയർക്കാൻ തുടങ്ങി.

വേദന കുറഞ്ഞില്ലെങ്കിൽ എന്റെയും ഗതി?

ഞാനയാളെ പരിശോധിച്ചെന്നു വരുത്തി ഒരു മരുന്നെഴുതി കൊടുത്തു.

സിസ്റ്ററും ഞാനും ഒരേ വഞ്ചിയിലായ മട്ടിൽ കാത്തുനിന്നു.

വേദന കുറയുമോ? നമ്മുടെ ഗുണ്ടാ സഹോദരന്മാർക്ക്?

സിസ്റ്റർ പറഞ്ഞു.

കുറയും... ഡോക്ടർ പേടിക്കേണ്ട.

പേടിയോ? എനിക്കോ?

പിന്നെ ഒരു നീണ്ട നിശ്ശബ്ദത.

സിസ്റ്റർ ആകാംക്ഷയോടെ എന്റെ മുഖത്തുനോക്കി.
കുറയുമായിരിക്കും... ഇല്ലേ ഡോക്ടർ?

സിസ്റ്റർക്കും സംശയമായി !

അങ്ങനെ പരസ്പരം ആകാംക്ഷയും ഭയവും ദുഃഖവും പങ്കുവെച്ച് ഒരു മണിക്കൂറോളം ഞങ്ങൾ 'ഒബ്സർവേഷനി'ലായി !!

ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പ് കഴിഞ്ഞ് നാലുപേരും കാഷ്വാലിറ്റിയിലേക്ക് വന്നു.

ഞങ്ങളുടെ മനസ്സൊന്നു പിടഞ്ഞു.

അവർക്ക് ഒട്ടും ചേരാത്ത മട്ടിൽ
കൈകൾ കൂപ്പി ഇങ്ങനെ പറഞ്ഞു.
നല്ല കുറവുണ്ട് ഡോക്ടറെ. വളരെ ഉപകാരം... കാശു തരണ്ടല്ലോ അല്ലേ?

ഞാൻ സിസ്റ്ററെ നോക്കി.
സിസ്റ്റർ വേണ്ടെന്ന് ഉടൻതന്നെ തലയാട്ടി.

അവരുടെ മുഖങ്ങൾക്ക് ഒട്ടും ചേരാത്ത രീതിയിൽ ഒരു ചിരിയും ചിരിച്ച് പടിയിറങ്ങി.

കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

നാളെ ഒരു വർക്കുണ്ട്...
പോട്ടെ ഡോക്ടർ?