
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രിയെ സ്‌കാനിംഗ് അടക്കമുളള പരിശോധനകൾക്ക് ഇന്നലെ വിധേയനാക്കിയിരുന്നു. പരിശോധനകളിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്‌ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും ചികിത്സയ്‌ക്ക് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ഏഴംഗസംഘമാണ് ചികിത്സയ്‌ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്‌തികരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. നടത്തിയ പരിശോധനകളിൽ അദ്ദേഹം ആരോഗ്യവാനാണെന്നാണ് ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്‌ടർമാർ പറയുന്നത്.