കൊല്‍ക്കത്ത: നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ വ്യാപക അക്രമം. വോട്ടെടുപ്പ് നടക്കുന്ന കൂച്ച് ബെഹാര്‍ ജില്ലയിലെ ഒരു പോളിംഗ് സ്‌റ്റേഷന് മുന്നിലുണ്ടായ വെടിവയ്പ്പില്‍ പോളിംഗ് ഏജന്റ് ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മരിച്ചവര്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു.
സ്ഥലത്തേക്ക് കൂടുതല്‍ സി.ആര്‍.പി.എഫ് സേനയെ എത്തിച്ചിട്ടുണ്ട്. സീതാല്‍കുച്ചി മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സുരക്ഷക്കായി നിയോഗിച്ച സി.ആര്‍.പി.എഫ് സൈനികര്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 80000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 16000 പോളിംഗ് സ്റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.