screen

കൊവിഡ് ലോക്‌ഡൗൺ മൂലം പഠനം ഓൺലൈനായതോടെ മിക്ക കുട്ടികളും വിദ്യാർത്ഥികളും ഏതാണ്ട് പൂർണസമയവും ഇപ്പോൾ ഓൺലൈനാണ്. പഠനത്തോടൊപ്പം ഗെയിമുകളിലും സിനിമയിലുമെല്ലാം അടിമപ്പെട്ട് പോകുന്ന കുട്ടികൾ ധാരാളമാണ്. വിവിധ പ്ളാ‌റ്റ്‌ഫോമുകളിൽ സീരീസുകളായി ഷോകൾ നടത്തുന്നതോടെ പല കുട്ടികളും അവയുടെ സ്ഥിരം പ്രേക്ഷകരായി. ഇങ്ങനെ മുഴുവൻ സമയവും ടിവി കണ്ടിരിക്കുന്ന തന്റെ കുട്ടികളെ ഒരു പാഠം പഠിപ്പിക്കാൻ ഒരമ്മ കണ്ട വഴി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

സമൂഹമാദ്ധ്യമമായ റെഡി‌റ്റിൽ ഒരു വിദ്യാർത്ഥി ഷെയർ ചെയ്‌ത ചിത്രമാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. കത്തിയെടുത്ത് ടിവിയുടെ സ്‌ക്രീൻ മുഴുവൻ കുത്തിക്കീറി വരച്ചാണ് അമ്മ തന്റെ കുട്ടികളുടെ ടിവി അടിമത്വത്തിനെതിരെ പ്രതികരിച്ചത്. ചിത്രത്തിൽ ടിവി സ്ക്രീൻ ആകെ നശിച്ചിരിക്കുന്നത് വ്യക്തമായി കാണാം. 'ടിവി കാണുന്നത് എങ്ങനെ കുറയ്‌ക്കാം. എന്റെ അമ്മയുടെ വഴി' എന്ന തലവാചകത്തോടെയാണ് ചാക്കോ എന്നയാൾ ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്.

ഇത്തരത്തിൽ കഠിനമായ രീതികളുമായി അമ്മ പ്രതികരിക്കുന്നത് ഇത് ആദ്യമായല്ലെന്നും മുൻപ് തങ്ങളുടെ അച്ഛനോട് ഇത്തരത്തിൽ പെരുമാറിയതുകൊണ്ടാണ് അച്ഛൻ ഉപേക്ഷിച്ച് പോയതായും ചാക്കോ കുറിക്കുന്നുണ്ട്. എന്തായാലും കുട്ടികളെ മര്യാദ പഠിപ്പിക്കാൻ അമ്മ ചെയ്‌ത മാർഗം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാദ്ധ്യമ ലോകം മുഴുവൻ.