തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ്. ഇതിനോടകം ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു നിരവധി പേരാണ് റാസ്പുട്ടിന് ഗാനത്തില്‍ ഡാന്‍സ് ചുവടുവച്ചത്. ഇതില്‍ ശ്രദ്ധേയമായിരിക്കുകയാണ് ദയ ബാബുരാജ് എന്ന ബിരുദ വിദ്യാര്‍ത്ഥിനിയുടെ ഡാന്‍സ്. നിലവിളക്കും സെറ്റുസാരിയുമൊക്കെയായി എത്തിയ വിദ്യാര്‍ത്ഥിനി റാസ്പുട്ടിന് ഗാനത്തിന് അനുസൃതമായി വെസ്റ്റേണ്‍ ശൈലിയില്‍ ചുവടുകളുമായാണ് എത്തിയിരിക്കുന്നത്.
'ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തില്‍പ്പെട്ടവര്‍ (സവര്‍ണ്ണ കുലന്സ് )മാത്രം ജാതകസഹിതം അപേക്ഷിക്കുക,' എന്ന് പ്രതിഷേധ സൂചകമായ ക്യാപ്ഷനോടു കൂടിയാണ് ദയ ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദയ ബാബുരാജ്. ഇതിനോടകം വീഡിയോ വൈറലായിരിക്കുകയാണ് ദയയുടെ ഡാന്‍സ്.
മതവിദ്വേഷ പ്രചാരണത്തിനെതിരെ നവീനും ജാനകിക്കും പിന്തുണയുമായി എസ്എഫ്ഐ ആണ് റാസ്പുട്ടിന് ഡാന്‍സ് കാമ്പയിന് തുടക്കം കുറിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ദിവസങ്ങള്‍ക്കുമുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡീയോയ്ക്കെതിരെ ഇരുവരുടെയും മതത്തെ പരാമര്‍ശിച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വിദ്വേഷ പ്രചാരണം നടക്കുന്നത്. വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.