തിരുവനന്തപുരം: കൊടും വരൾച്ച വന്നാലും തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടാതിരിക്കാൻ വാട്ടർ അതോറിട്ടി കൊണ്ടുവന്ന നെയ്യാർ കുടിവെള്ള പദ്ധതിയ്ക്ക് പുതിയ ടെണ്ടർ ക്ഷണിച്ചു. നേരത്തെ 60 കോടിയുടെ പദ്ധതിയ്ക്കാണ് കരാർ നൽകിയിരുന്നത്. തലസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിക്കാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു 2019ൽ കരാർ നൽകിയിരുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ സ്ഥലം സംബന്ധിച്ച തർക്കവും കൊവിഡും കാരണം പദ്ധതി തുടങ്ങാൻ പോലും കഴിയാതെ പോയി.
നെയ്യാറ്റിൻകരയിലെ പദ്ധതി പ്രദേശത്തിന് സമീപത്ത് ക്ഷേത്രം ഉണ്ടായിരുന്നതോടെ പ്രശ്നം കോടതിയിലെത്തി. തുടർന്ന് പദ്ധതിക്കായി ക്ഷേത്രപ്രദേശം ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് നെയ്യാറ്റിൻകര അഡിഷണൽ മുൻസിഫ് കോടതി ഉത്തരവിട്ടു. പിന്നീട് വാട്ടർ അതോറിട്ടി പ്രശ്നപരിഹാരത്തിന് ഇറങ്ങിത്തിരിച്ചെങ്കിലും പദ്ധതി വീണ്ടും വൈകി. ഇതോടെയാണ് പുതിയ ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചത്. മുൻടെണ്ടർ റദ്ദാക്കി കൊണ്ട് കഴിഞ്ഞമാസം 31ന് വാട്ടർ അതോറിട്ടി ഉത്തരവിറക്കിയിരുന്നു.
100 ദശലക്ഷം ലിറ്റർ
നിലവിൽ അരുവിക്കര, പേപ്പാറ ഡാമുകളിൽ നിന്ന് പ്രതിദിനം എത്തിക്കുന്ന 300 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹം ശമിപ്പിക്കുന്നത്. വരൾച്ചാ സമയത്ത് ഇവിടങ്ങളിലെ ജലനിരപ്പിൽ വൻ കുറവുണ്ടാകുന്നത് ജല വിതരണത്തെ ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. അടുത്തിടെ അരുവിക്കരയിൽ 75 എം.എൽ.ഡിയുടെ ഒരു പ്ളാന്റ് കൂടി നിർമ്മിച്ചിരുന്നു. 1973- 85 ൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 1999ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിൽ നിലവിലുള്ളത്. ഇതുകൂടാതെ 36 എം.എൽ.ഡിയുടെ ബൂസ്റ്റർ പമ്പ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു.
ഇത് കൂടാതെയാണ് നെയ്യാറിലെ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാർ ഡാമിലെ സഫാരി പാർക്കിന് സമീപം ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലത്താണ് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാറിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യും. അവിടെ നിന്ന് 1400 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ച് മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽശാല, വിളവൂർക്കൽ പഞ്ചായത്തുകളിൽ വിതരണം ചെയ്യും. ആവശ്യമെങ്കിൽ നഗരത്തിലെ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലും വെള്ളം നൽകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചേക്കർ സ്ഥലത്ത് ആരംഭിക്കാനിരുന്ന കുടിവെള്ള പദ്ധതിയാണ് സ്ഥലപരിമിതി മൂലം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന സ്ഥലം നിയമ നടപടികളിലൂടെ വിട്ടുകിട്ടാനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാനിടയാക്കിയത്.
ഡ്യുവൽ ഫിൽട്ടർ മീഡിയ
അഞ്ചേക്കറോളം സ്ഥലം ആവശ്യമുണ്ടായിരുന്ന പദ്ധതി മൂന്നരയേക്കറിലേക്ക് വെട്ടിച്ചുരുക്കേണ്ടി വന്നതോടെ അതിനനുസരിച്ചുള്ള ഡിസൈൻ തയ്യാറാക്കുകയായിരുന്നു. പമ്പിംഗ് സ്റ്റേഷനും ശുദ്ധീകരണ ശാലയ്ക്കും അടിവശത്തായി ജല സംഭരണി കൂടി വരത്തക്ക വിധത്തിലുള്ള ഡ്യുവൽ ഫിൽട്ടർ മീഡിയ എന്ന നിർമ്മാണ രീതിയാണ് പരീക്ഷിക്കുന്നത്.
നിർമ്മാണ കാലാവധി 18 മാസം
ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്ലാന്റ്, പമ്പിംഗ് സ്റ്റേഷൻ, സംഭരണി പ്ലാൻ ഫണ്ടിൽ നിന്ന് 60 കോടി ചെലവിടുന്നുണ്ട്. പി.ടി.പി നഗർ വരെ 25 കി.മീറ്ററിൽ 1400 സ്റ്റീൽ പൈപ്പ് സ്ഥാപിക്കാൻ കിഫ്ബി വക 150 കോടിയും അനുവദിച്ചിട്ടുണ്ട്.