ബീജിംഗ്: ശതകോടീശ്വരൻ ജാക്ക് മായുടെ കമ്പനി ആലിബാബയ്ക്ക് നിയമവിരുദ്ധമായി കുത്തക നിലനിറുത്തുന്നുവെന്ന് ആരോപിച്ച് 18.2 ബില്യൺ യുവാൻ (20,000 കോടിയലധികം രൂപ) പിഴ ചുമത്തി ചൈനീസ് സർക്കാർ. ചൈനീസ് സർക്കാരുമായി ജാക്കും മാ കഴിഞ്ഞ കുറച്ച് നാളുകളായി അസ്വാരസ്യത്തിലാണ്. ഓൺലൈൻ ചില്ലറ വ്യാപാര മേഖലയിലെ മത്സരം പരിമിതപ്പെടുത്താൻ നിയമവിരുദ്ധമായി ആലിബാബ പ്രവർത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് മാർക്കറ്റ് റെഗുലേഷൻ അഡിമിനിസ്ട്രേഷൻ പിഴ ചുമത്തിയതിന് കാരണമായി പറയുന്നത്.
2020 ഒക്ടോബർ 23ന് നടത്തിയ ഒരു പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് മാക്കെതിരെ ഭരണകൂടം നീക്കം ആരംഭിച്ചത്.
തുടർന്ന് ആലിബാബയ്ക്കെതിരെ 2020 ഡിസംബറിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന്, ആന്റ് ഗ്രൂപിന്റെ ചില വ്യവസായങ്ങൾ നിറുത്തലാക്കാൻ നിർദ്ദേശം നൽകി.
കടുത്ത നിയന്ത്രണങ്ങൾ ചുമത്തിയതോടെ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി മായ്ക്ക് നഷ്ടപ്പെട്ടു. നടപടികൾ ഒന്നിനുപിറകെ ഒന്നായി വന്നുതുടങ്ങിയതോടെ ഇടക്കാലത്ത് പൊതുരംഗത്തുനിന്ന് പൂർണമായി മാ വിട്ടുനിന്നിരുന്നു. കാണാനില്ലെന്നും അറസ്റ്റിലാണെന്നുമടക്കം അഭ്യൂഹങ്ങൾ പരന്നതോടെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു.