വാഷിംഗ്ടൺ: കൊവിഡ് വ്യാപനം വീണ്ടും ലോകത്ത് ശക്തിപ്രാപിക്കുന്നതിനിടെ ലോകത്ത് ആകെ രോഗികളുടെ എണ്ണം 13 കോടി ( 135,399,434 ) കവിഞ്ഞു. വേൾഡ്ഒമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ആകെ മരണം 2,931,073 ആയി. ഇതുവരെ 108,959,307 പേർ രോഗവിമുക്തരായി. അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വ്യാപനം അതിതീവ്ര ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ ആദ്യം കണ്ടെത്തിയതും ഇപ്പോള്‍ ലോകമാകെ പടര്‍ന്ന് പിടിച്ചിരിക്കുന്നതുമായകൊവിഡിന്റെ ബി.1.1.7. വകഭേദം മഹാമാരിയുടെ ഗതി മാറ്റി മറിക്കുമെന്ന് പകർച്ചവ്യാധി വിദഗ്ദ്ധർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം നാം കണ്ട് പരിചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ മഹാമാരിയെ തന്നെ നാം നേരിടുന്ന അനുഭവമാണ് ബി.1.1.7 നൽകുന്നതെന്ന് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് മിനിസോട്ട സെന്റർ ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസ് റിസർച്ച് ഡയറക്ടർ
ഡോ. മൈക്കിൾ ഓസ്റ്റർഹോം പറയുന്നു.
@ ബി1.1.7 വകഭേദം
മുന്‍ വൈറസുകളെ അപേക്ഷിച്ച് 50 മുതൽ100 ശതമാനം വരെ വ്യാപനശേഷി കൂടിയതാണ് ബി1.1.7 വകഭേദം. ഇത് മൂലം 50 മുതൽ 60 ശതമാനം വരെ കൂടുതൽ കടുത്ത രോഗമുണ്ടാക്കാനാകുമെന്നും ഡോ. മൈക്കിൾ പറയുന്നു. ബി 1.1.7 വകഭേദം കൂടുതല്‍ പേരുടെ മരണത്തിനും കാരണമാകുന്നുണ്ട്.കൊവിഡിന്റെ നാലാം തരംഗത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയിലെയും ഏറ്റവും പ്രബലമായ കൊവിഡ് വകഭേദമിതാണെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കുറഞ്ഞത് 114 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നു കൊണ്ടിരിക്കുകയാണ്.എന്നാൽ, വാക്‌സിനുകൾ ഈ മാരക വകഭേദത്തിനെ തുടച്ചുനീക്കാൻ ഫലപ്രദമാണെന്നത് ആശ്വാസം പകരുന്ന വിഷയമാണ്.
@ ലോക്ക്ഡൗൺ അനിവാര്യം
പുതിയ സാഹചര്യത്തിൽ ലോകത്ത് ലോക്ക്ഡൗൺ അത്യന്താപേക്ഷിതമാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങളുമായി മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.