speaker

തിരുവനന്തപുരം: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരെ നടപടികൾക്ക് വേഗം കൂട്ടി കസ്‌റ്റംസ് തലസ്ഥാനത്തെ പേട്ടയിലെ ഫ്ളാ‌റ്റിൽ കസ്‌‌റ്റംസ് പരിശോധന തുടങ്ങി. ഡോളർ കടത്തിൽ സ്‌പീക്കർക്കെതിരായി സ്വപ്‌ന നൽകിയ മൊഴിയനുസരിച്ച് ഈ ഫ്ളാ‌റ്റിൽ വച്ചാണ് ഡോളർ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നേരത്തെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടിട്ടും എത്താതിരുന്ന സ്‌പീക്കറെ കസ്‌റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ച് ചോദ്യം ചെയ്‌തിരുന്നു. കസ്‌റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യംചെയ്യലാണ് ഇന്നലെ നടന്നത്. വ്യാഴാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു മുൻപ് കസ്‌‌റ്റംസ് സ്‌പീക്കർ ശ്രീരാമകൃഷ്‌ണനോട് ആവശ്യപ്പെട്ടത് എന്നാൽ സുഖമില്ല എന്ന കാരണത്താൽ സ്‌പീക്കർ ഹാജരായില്ല. കഴിഞ്ഞ മാസമാണ് കസ്‌റ്റംസ് ഹാജരാകാൻ സ്‌പീക്കർക്ക് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്ക് ചൂണ്ടിക്കാട്ടി സ്‌പീക്കർ ഹാജരായില്ല. രണ്ടാമതും ഹാജരാകാത്തതിനെ തുടർന്നാണ് കസ്‌റ്റംസ് വസതിയിലെത്തി സ്‌പീക്കറെ ചോദ്യം ചെയ്‌തത്.

അതേസമയം സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത് ഖേദകരമാണെന്നും അദ്ദേഹം സ്ഥാനം രാജിവക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം സുധീരൻ ആവശ്യപ്പെട്ടു.