ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ 3.5കോടിയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ തുണിമിൽ ഉടമയായ 62 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.
ഈറോഡിലെ പെരുന്തുറയിലാണ് സംഭവം
മാർച്ച് 13നുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന കെ. രംഗരാജിനെ ഡിസ്ചാർജ് ചെയ്ത് ഭാര്യ ആർ. ജ്യോതിമണി (57), ബന്ധുവായ രാജ (41) എന്നിവർ ചേർന്ന് വാഹനത്തിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവരവേയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
മൂവരും സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിറുത്തിയിട്ട ശേഷം ജ്യോതിമണിയും ബന്ധു രാജയും ചേർന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തി. പരിക്കുപറ്റി എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് കത്തിയമർന്നു.
പുലർച്ചെ രാജ തിരുപ്പൂർ റൂറൽ പൊലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണവിവരം അറിയിക്കുകയായിരുന്നു. അപകടമരണം എന്നാണ് പറഞ്ഞത്. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. രാജ പെട്രോൾപ്പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി പോകുന്ന സി.സി. ടി.വി ദൃശ്യങ്ങളും നിർണായകമായി.
തുണിമില്ല് നടത്തിപ്പിനായി രംഗരാജൻ 1.5 കോടി രൂപ കടം വാങ്ങിയിരുന്നെന്നും പലിശക്കാരുടെ ശല്യം സഹിക്കാനാവാത്തതിനാൽ, 3.5 കോടി രൂപയുടെ ഇൻഷ്വറൻസ് തുകയ്ക്ക് വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും ജ്യോതിമണി പറഞ്ഞു. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതിൽ 50,000 രൂപ കൈമാറി. ഇരുവരെയും അറസ്റ്റ് ചെയ്തു.