crime

പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയായ തമിഴ് ബാലികയെ രണ്ടാനച്ഛൻ മർദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയെയും പ്രതിചേർത്തേക്കും. രണ്ടാനച്ഛൻ അലക്സ് കുട്ടിയെ മർദ്ദിക്കുന്നത് കണ്ടില്ലെന്നാണ് അമ്മ കനക മൊഴി നൽകിയത്. ഇത് സത്യമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും കളവാണെന്ന് തെളിഞ്ഞാൽ അമ്മയെ പ്രതിയാക്കുമെന്നും പത്തനംതിട്ട സി.ഐ അനീഷ് ലാൽ പറഞ്ഞു. തമിഴ് നാട്ടിലുള്ള കുട്ടിയുടെ അച്ഛൻ മുത്തുപാണ്ടിയെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. കനകയ്ക്കെതിരെ കേസെടുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മുത്തുപാണ്ടിക്കായിരുന്നു പൊലീസ് വിട്ടുകൊടുത്തത്.

തമിഴ്നാട് രാജപാളയം സ്വദേശികളായ അലക്സും കനകയും കുട്ടിക്കൊപ്പം കുമ്പഴയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടിയെ മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്. അടുത്തവീട്ടിൽ ജോലിക്കുപോയ താൻ മടങ്ങിയെത്തിയപ്പോൾ കുട്ടി മരിച്ചുകിടക്കുന്നത് കണ്ടെന്നാണ് കനക പറഞ്ഞത്. നാട്ടുകാരെ വിവരം അറിയിക്കുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ശരീരത്തിലും കഴുത്തിലും മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടും അറുപത് മുറിവുകളും ഉണ്ടായിരുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും രാത്രിയിൽ സ്റ്റേഷനിൽ നിന്ന് ഓടിപ്പോവുകയും ചെയ്ത അലക്സിനെ പിറ്റേന്ന് രാവിലെയാണ് പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്.