യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകർക്കെതിരെ കടുത്ത വിമർശനവുമായി കെഎം ഷാജി എംഎൽഎ. നാട്ടിലെ സാംസ്‌കാരിക നായകന്മാരെല്ലാം നിശബ്‌ദരാണെന്നും, സിപിഎമ്മിന്റെ അടിമകളായി അവർ തീർന്നിരിക്കുന്നു എന്ന് പേരു പറഞ്ഞാണ് ഷാജിയുടെ വിമർശനം.
'നമ്മുടെ നാട്ടിലെ സാംസ്‌കാരിക നായകന്മാരെല്ലാം നിശബ്‌ദരാണ്. കുറേ തല്ലിപൊള്ളികൾ, വൃത്തികെട്ടവന്മാർ. ഇന്നലെ ഞാൻ ഈ പ്രമുഖരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കിയിരുന്നു. 21 വയസുള്ള ഒരു പുഷ്‌പത്തെ കൊന്നുകളഞ്ഞതിൽ ആർക്കും പ്രതിഷേധമില്ല. ശാരദക്കുട്ടി എന്നുപറയുന്ന എഴുത്തുകാരിയുടെ പോസ്‌റ്റ് എന്തെന്ന് അറിയുമോ? കൊവിഡ് ആണ് സൂക്ഷിക്കണം. ഈ പാനൂരിൽ കൊല്ലപ്പെട്ടവനെ കുറിച്ച് അവർക്കറിയില്ല.
വേറൊരു എഴുത്തുകാരനുണ്ട്. ആടുജീവിതം എഴുതിയ ബെന്യാമിൻ. ആടുജവിതം എഴുതിയ ബെന്യാമിൻ ഇപ്പോൾ നയിക്കുന്നത് കഴുത ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരമണക്കുന്ന കാപാലികർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്.
കെ.ആർ മീര; ആരാച്ചാർ എന്ന പുസ്‌തകമെഴുതിയ എഴുത്തുകാരിയാണത്രേ. ആ കെ.ആർ മീര എന്തിനാണ് കൽക്കത്തയിലെ ആരാച്ചാരെ കുറിച്ച് എഴുതുന്നത്. പാനൂരിൽ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങി ആടിയ മൃതശരീരം കണ്ടോ? ഒരു ആരാച്ചാർ കെട്ടിത്തൂക്കിയതാണത്. പിണറായി വിജയൻ എന്ന ആരാച്ചാരെ മീരയ്‌ക്കറിയുമോ? പി ജയരാജൻ എന്ന ആരാച്ചാരെ മീരയ്‌ക്കറിയുമോ?'- കെ.എം ഷാജി ചോദിച്ചു.