sivakumar

തൃശൂർ: പൂരം വിളംബരത്തിന് തെക്കേഗോപുര നട തള‌ളിത്തുറന്ന് നെയ്‌തലക്കാവ് ഭഗവതി ഇത്തവണ എത്തുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയാകില്ല, കൊച്ചിൻ ദേവസ്വംബോർഡിന്റെ തലയെടുപ്പുള‌ള ഉയരക്കേമൻ എറണാകുളം ശിവകുമാറിനാണ് ഇത്തവണ പൂരവിളംബരം നടത്താനുള‌ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഉയരംകൊണ്ടും തലയെടുപ്പുകൊണ്ടും കൊച്ചിൻ ദേവസ്വംബോർഡിന്റെ ഒന്നാമനായ ആനയാണ് ശിവകുമാർ.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള‌ളിപ്പിൽ നിന്ന് വിലക്കി വനംവകുപ്പ് ഉത്തരവുള‌ളതിനാലാണ് നെയ്‌തലക്കാവ് ദേവസ്വം ഇത്തവണ ശിവകുമാറിന് അവസരം നൽകിയത്. കേരളത്തിലെ നാടൻ ആനകളിലും മികച്ച ഉയരവും എഴുന്നള‌ളിപ്പുകളിൽ തലയെടുത്ത് നിൽക്കാനുള‌ള കഴിവുമുള‌ള ശിവകുമാറിന് പത്തടിയിലേറെ ഉയരമുണ്ട്. ഒറ്റ‌കൊമ്പനാണ്.

പൂരം നാളിൽ കണിമംഗലം ശാസ്‌താവിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൂരത്തലേന്ന് തെക്കേ ഗോപുര നട നെയ്‌തലക്കാവ് ഭഗവതി തുറന്നിടുന്ന ചടങ്ങാണ് ശിവകുമാർ നിർവഹിക്കുക. ആദ്യകാലങ്ങളിൽ അധികം അറിയപ്പെടാത്ത ചടങ്ങ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വന്നതോടെ വളരെയധികം ശ്രദ്ധയാകർഷിച്ചു. കൊച്ചിൻ ദേവസ്വത്തിന്റെ ആനകൾ തന്നെയായിരുന്നു ആദ്യകാലങ്ങളിൽ ഈ ചടങ്ങിനുണ്ടായിരുന്നത്.

ഇത്തവണ കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പൂരം കേമമാക്കാനുള‌ള ശ്രമത്തിലാണ് പൂരസമിതിയും അധികൃതരും. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തൃശൂർപൂരം ചടങ്ങ് മാത്രമായാണ് നടന്നത്.