മുംബയ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണമുന്നയിച്ച മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ.
അംബാനി ഭീഷണി കേസിലെ വിവരങ്ങൾ പരംബീർ സിംഗ് സർക്കാരിൽ നിന്ന് മറച്ചുവച്ചോ, കേസിൽ അറസ്റ്റിലായ മുൻ മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ വഴിവിട്ട പ്രവർത്തനങ്ങൾ പരംബീറിന്റെ അറിവോടെയാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. സംസ്ഥാന സെക്യൂരിറ്റി കോർപറേഷൻ മേധാവി സഞ്ജയ് പാണ്ഡെയ്ക്കാണ് അന്വേഷണച്ചുമതല. റിപ്പോർട്ട് പരംബീറിനെതിരായാൽ സസ്‌പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകും.
മുംബയിലെ ബാർ, റസ്റ്റോറന്റ് ഉടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ വീതം പിരിച്ച് നൽകാൻ സച്ചിൻ വാസെയോട്, ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരംബീർ മുഖ്യമന്ത്രിക്ക് അയച്ച കത്ത്, മാദ്ധ്യമങ്ങൾക്ക് ചോർന്നതെങ്ങനെ? വിഷയത്തിൽ സുപ്രീം, ഹൈക്കോടതികളിൽ ഹർജി നൽകിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണോ? തുടങ്ങിയവയും അന്വേഷിക്കും.
അംബാനിക്കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതിന് പിന്നാലെയാണ് മുംബയ് പൊലീസ് കമ്മിഷണർ പദവിയിൽ നിന്ന് പരംബീറിനെ മാറ്റി ഹേമന്ത് നഗ്രാലെയെ നിയമിച്ചത്. സച്ചിൻ വാസെയുടെ നിയമനത്തെക്കുറിച്ച് സർക്കാർ ഹേമന്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സസ്‌പെൻഷനിലായിരുന്ന സച്ചിൻ വാസെയെ പരംബീർ സിംഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർവീസിൽ തിരിച്ചെടുത്തതെന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ മേധാവിയാക്കിയതെന്നും ഹേമന്ത് നഗ്രാലെ റിപ്പോർട്ട് ചെയ്തു.
രണ്ട് സീനിയർ ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റിയാണ് സച്ചിനെ മേധാവിയാക്കിയത്. ക്രൈംബ്രാഞ്ച് മേധാവി ഇതിനെ എതിർത്തെങ്കിലും അവഗണിച്ചു. പ്രമാദമായ കേസുകളുടെ അന്വേഷണം സച്ചിനെ ഏൽപ്പിച്ചതും പരംബീറാണ്. വകുപ്പ് മേധാവിയടക്കമുള്ള മേലുദ്യോഗസ്ഥരെ മറികടന്ന് പരംബീറിന് നേരിട്ടാണ് സച്ചിൻ റിപ്പോർട്ട് ചെയ്തിരുന്നതെന്നും ഹേമന്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരംബീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.