prince-philip

ലണ്ടൻ: സുഖലോലുപതയും അധികാരപദവികളും മാത്രമല്ല യാതനയും കഷ്ടപ്പാടും രാജകുടുംബാംഗങ്ങളും അനുഭവിക്കേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞ ഫിലിപ്പ് രാജകുമാരൻ. 1922ൽ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഫിലിപ്പിന്റെ പിതാവ്ആൻഡ്രു രാജകുമാരൻ രാജ്യദ്രോഹക്കുറ്റം ചുമത്തി നാടുകടത്തപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. കുടുംബം പാരീസിലേക്ക് പലായനം ചെയ്തു. അവിടെ യാതന നിറഞ്ഞ കാലമായിരുന്നു ഫിലിപ്പിനെ കാത്തിരുന്നത്. മാനസികമായി തകർന്ന ഫിലിപ്പിന്റെ അമ്മ ആലിസ് രാ‌ജ്ഞി സാനിറ്റോറിയത്തിൽ ചികിത്സയിലായതോടെ കേവലം 10 മാത്രമുള്ള ഫിലിപ്പ് തീർത്തും ഒറ്റപ്പെട്ടു. എന്നാൽ, കുഞ്ഞു ഫിലിപ്പിന് മുന്നിൽ മാലാഖയായി ലൂയിസ് മൗണ്ട് ബാറ്റൺ പ്രഭു എത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്നു ലൂയിസ്. ആലീസ് മൗണ്ട് ബാറ്റൺ കുടുംബത്തിലെ അംഗമായിരുന്നു. പിന്നീട്,

മൗണ്ട് ബാറ്റൺ കുടുംബമാണ് ഫിലിപ്പിനെ വളർത്തിയതും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയതും. മൗണ്ട് ബാറ്റൺ കുടുംബവുമായി ഫിലിപ്പ് രാജകുമാരന് മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്നു. എന്നാൽ, ദൗർഭാഗ്യങ്ങൾ ഫിലിപ്പിനെ വിട്ടുപോയില്ല. ഫിലിപ്പിന് 16 വയസ്സുള്ളപ്പോൾ, സഹോദരി സിസിലി, ഭർത്താവ്, അവരുടെ രണ്ട് മക്കൾ എന്നിവർ വിമാനാപകടത്തിൽ മരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ അമ്മാവനും രക്ഷാധികാരിയുമായ ജോർജ് മൗണ്ട് ബാറ്റണും അർബുദം ബാധിച്ച് മരണമടഞ്ഞു. തളർന്നു പോയ ഫിലിപ്പ് പിന്നീട് ലൂയിസിന്റെ ഉപദേശപ്രകാരം ഇംഗ്ലണ്ടിലെ ഡാർട്ട്മൗത്തിലെ റോയൽ നേവൽ കോളേജിൽ പഠനത്തിന് ചേർന്നു. അവിടെ വച്ചാണ് ഫിലിപ്പ് എലിസബത്തിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ലൂയിസാണ് എലിസബത്തിനെ ഫിലിപ്പിന് പരിചയപ്പെടുത്തി കൊടുത്തത്. തന്നെ വളർത്തി വലുതാക്കിയവരോടുള്ള നന്ദിസൂചകമായി പേരിനൊപ്പം ഫിലിപ്പ് മൗണ്ട് ബാറ്റണെന്ന് ചേർത്തിരുന്നു.

അതേസമയം, ഫിലിപ്പ് രാജകുമാരന്റെ സംസ്കാര തീയതി പുറത്തുവിട്ടിട്ടില്ല. പത്തു ദിവസത്തിനുള്ളിൽ സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം രാജപദവികൾ ത്യജിച്ച് അമേരിക്കയിലേക്ക് താമസം മാറിയ ഹാരി രാജകുമാരനും മേഗൻ മാർക്കിളും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമോയെന്നത് വ്യക്തമായിട്ടില്ല.