അമൃത്‌സർ: ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിൽ ഇന്ദ്രന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ഹിന്ദി നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു. 66 വയസായിരുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പരാധീനതകൾ മൂലം പ്രയാസത്തിലായ താരം സഹായം തേടിയത് വാർത്തയായിരുന്നു.
കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായ സതീഷിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പഞ്ചാബ് സിനിമയിലെ 'അമിതാഭ് ബച്ചൻ" എന്നാണ് സതീഷ് കൗൾ അറിയപ്പെട്ടത്.
പഞ്ചാബി സിനിമയിലും ടെലിവിഷൻ സീരിയലുകളിലുമായി 300ഓളം വേഷങ്ങൾ ചെയ്തിട്ടുണ്ട്. 85 സിനിമകളിൽ നായകനായിരുന്നു. 2011 ൽ ആക്ടിംഗ് സ്കൂൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. അവസാന കാലത്ത് സാമ്പത്തികമായി ഏറെ തകർന്ന സതീഷ്, ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞത്. തുടർന്ന് സർക്കാർ 5 ലക്ഷം രൂപ ധനസഹായം നൽകിയതോടെ, വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.