alappuzha1

ആലപ്പുഴയിലെ കായല്‍ സൗന്ദര്യം ആസ്വാദിക്കാന്‍ ഇതിലും കിടിലന്‍ പാക്കേജ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കേരള സര്‍ക്കാരിന്റെ ആധുനിക ടൂറിസ്റ്റ് ബോട്ടില്‍ അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കിടിലന്‍ യാത്ര നടത്താന്‍ ചിലവ് വെറും 400 രൂപ. ഇനി ഇപ്പോള്‍ എസി വേണമെങ്കില്‍ 200 രൂപ അധികം നല്‍കിയാല്‍ മതി. 40 എസി സീറ്റുകളും 120 നോണ്‍ ഏസി സീറ്റുകളുമാണുള്ളത്. വിളിച്ചു ബുക്ക് ചെയ്ത് വന്നാല്‍ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോണ്‍ നമ്പരിലുള്ള വ്യക്തി യാത്രക്ക് വരുന്നവര്‍ക്കൊപ്പം ഉണ്ടായിരിക്കുകയും വേണം.

alappuzha2

രാവിലെ 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും യാത്ര ആരംഭിക്കും. ഫിനിഷിംഗ് പോയിന്റ് വഴി നേരെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക്. അവിടെ നിന്നും നേരെ വേമ്പനാട്ട് കായലിലൂടെ പാതിരാമണല്‍ ലക്ഷ്യമാക്കി യാത്ര തുടരുന്നു. പാതിരാമണലിൽ കയറുന്നതിന് ഒരാള്‍ക്ക് 10 രൂപ പ്രവേശന ടിക്കറ്റ് എടുക്കണം. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവിടെ എത്തുക. ഇവിടെ നിന്നാണ് ഉച്ചഭക്ഷണം. മീന്‍കറി, സാമ്പാര്‍, പുളിശ്ശേരി, കക്കയിറച്ചി, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങുന്ന ഉച്ചയൂണിന് കുടുംബശ്രീ പ്രവർത്തകർ സഞ്ചാരികളില്‍ നിന്നും ഇടാക്കുന്ന 100 രൂപ മാത്രം. ഭക്ഷണവും കഴിച്ച് ഒരു മണിക്കൂര്‍ വിശ്രമവും കഴിഞ്ഞാണ് അവിടെ നിന്നും മടങ്ങുക.

alappuzha3

അവിടെ നിന്നും കുമരകം ലക്ഷ്യമാക്കി ബോട്ട് യാത്ര തുടരും. ഇതിനിടെ വൈകുന്നേരത്തെ ചായും വടയും എല്ലാം ബോട്ടില്‍ നിന്നും തന്നെ ലഭിക്കും. കുമരകം കായലിലെ കുരിശടി വഴി ബോട്ട് പിന്നീട് ആര്‍. ബ്ലോക്ക് ലക്ഷ്യമാക്കി പോകും. ഈ റൂട്ടില്‍ അധികം ബോട്ടുകള്‍ പോകാറില്ല. അതുകൊണ്ടു തന്നെ യാത്രയുടെ ഹൈലറ്റും ഇവിടമാണ്. പലതരം പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും.

alappuzha4

ആര്‍ ബ്ലോക്കില്‍ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരികെ എത്തും. ഇതോടെ അഞ്ചു മണിക്കൂര്‍ നീണ്ട ബോട്ട് യാത്രക്ക് സമാപനമാകും. ഇവിടെ നിന്നും ആലപ്പുഴ ബീച്ചില്‍ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് വീട്ടിലേക്ക് മടങ്ങാം. ഒരു ദിവസം കൊണ്ട് ആലപ്പുഴ കുറഞ്ഞ ചിലവില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പാക്കേജ് ശരിക്കും പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍കള്‍ : 9400050322, 940005032