sreeramakrishnan

തിരുവനന്തപുരം: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ 'നീതി'യിൽ ക്വാറന്റൈനിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ സ്‌പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പേകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

ഡോളർ കടത്ത് കേസിൽ കസ്‌റ്റംസ് സ്‌പീക്കറെ ചോദ്യം ചെയ്‌തത് ഇന്നലെയാണ്. സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ പേട്ടയിലുള‌ള ഫ്ളാ‌റ്റിലും കസ്‌റ്റംസ് പരിശോധന നടന്നു. കഴിഞ്ഞ മാസം ചോദ്യംചെയ്യലിന് ഹാജരാകാൻ കസ്‌റ്രംസ് നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. തുടർന്ന് വ്യാഴാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശരീര സുഖമില്ലാത്തതിനാൽ ഹാജരാകാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ കസ്‌റ്റംസ് അതീവ രഹസ്യമായി ഇന്നലെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്‌തു. അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് നേതൃത്വം നൽകിയത് കസ്‌റ്റം‌സ് സൂപ്രണ്ട് സലിലാണ്.

സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത് ഖേദകരമാണെന്നും അദ്ദേഹം സ്ഥാനം രാജിവയ്‌ക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം സുധീരൻ ആവശ്യപ്പെട്ടിരുന്നു.