പോത്തൻകോട്: പള്ളിപ്പുറം ടെക്നോസിറ്റി കവാടത്തിന് സമീപം ജുവലറി ഉടമയുടെ കാർ തടഞ്ഞുനിറുത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം 100 പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. നെയ്യാറ്റിൻകര കേരള ഫാഷൻ ജുവലറി ഉടമ മഹാരാഷ്ട സ്വദേശി സമ്പത്ത് (47), സമ്പത്തിന്റെ അളിയൻ ലക്ഷ്മണൻ, കാർ ഡ്രൈവർ അരുൺ എന്നിവരെയാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്. ജില്ലയിലെ ജുവലറികൾക്ക് ആവശ്യമായ സ്വർണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന മൊത്ത വ്യാപാരികളാണ് ഇവർ. ആറ്റിങ്ങൽ ഭാഗങ്ങളിലെ ജുവലറികൾക്ക് നൽകാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് കവർന്നതെന്ന് സമ്പത്ത് മംഗലപുരം പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ.
സമ്പത്തിനെയും ലക്ഷ്മണിനെയും വെട്ടിയ ശേഷം ഡ്രൈവർ അരുണിനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. തുടർന്ന് അരുണിനെ മോഷണസംഘം അവർ വന്ന കാറിൽ കയറ്റിക്കൊണ്ടുപോയി വാവറമ്പലം ജംഗ്ഷനുസമീപം ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അവിടെനിന്ന് ഓട്ടോയിലാണ് അരുൺ മംഗലപുരം സ്റ്റേഷനിലെത്തിയത്. ആക്രമണത്തിനിടെ കാണാതായ ലക്ഷ്മണ 11.30ഓടെ നെയ്യാറ്റിൻകരയിലെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ സഞ്ചരിച്ച മാരുതി കാറിന്റെ മുന്നിലും പിന്നിലുമായി കാറിലെത്തിയ എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. മുന്നിലെ കാർ നിറുത്തിയ ശേഷം അക്രമികൾ ചാടിയിറങ്ങി വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. സമ്പത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. സമ്പത്തിന്റെ സുഹൃത്ത് കഴക്കൂട്ടം സ്വദേശിയെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.