
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയതായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്തത് രാജ്യത്ത് വാക്സിൻ ക്ഷാമത്തിന് കാരണമായതായും ഇന്ത്യയിലെ വാക്സിനേഷനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നും അവർ പറഞ്ഞു. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
നമ്മൾ പ്രധാനമായും ഇന്ത്യയിലെ വാക്സിനേഷനാണ് മുൻഗണന നൽകേണ്ടത്. അതിനുശേഷം മാത്രം മറ്റു രാജ്യങ്ങലിലേക്ക് കയറ്റുമതി ചെയ്യുകയോ സമ്മാനമായി നൽകുകയോ ചെയ്യണം. നിയമങ്ങളും കൊവിഡ് മാർഗനിർദ്ദേശങ്ങളും ഒഴിവാക്കാതെ ഉത്തരവാദിത്വപ്പെട്ട പെരുമാറ്റത്തിന് ജനങ്ങളെ നിർബന്ധിതരാക്കണമെന്നും സോണിയ പറഞ്ഞു.
പരിശോധന, സമ്പർക്ക പട്ടിക തയ്യാറാക്കൻ, വാക്സിനേഷൻ എന്നിവയ്ക്ക് മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്നും ആഭ്യന്തര വാക്സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് അടക്കമുളള ചില സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യം നേരിടുന്നുണ്ട്.