മിനിസ്ക്രീൻ പ്രേക്ഷകരെ 'വെറുപ്പിക്കുന്ന" കുടുംബവിളക്കിലെ സിദ്ധാർത്ഥായി വേഷമിടുന്ന
കൃഷ്ണകുമാർ മേനോൻ എന്ന കെ.കെ. മേനോന്റെ വിശേഷങ്ങൾ...
''അച്ഛാ, എന്താ ഈ ചെയ്യുന്നതെന്ന് അറിയാമോ?"" എന്നു മക്കൾ ചോദിക്കുമ്പോൾ കൃഷ്ണകുമാർ മേനോൻ ചിരിക്കും. കാരണം ഈ ചോദ്യം ഇപ്പോൾ കുറേ തവണയായി കേട്ടിരിക്കുന്നു ഈ നടൻ. 'കുടുംബവിളക്ക്" എന്ന സീരിയലിലെ നായകനും വില്ലനും ഈ നടനാണെന്ന് പറയാം. വീട്ടമ്മമാരുടെ പ്രിയനായികയെ വിഷമിപ്പിക്കുന്ന നായകനെ എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുന്നത്. ''ഇത്ര പാവമായിട്ടും ക്രൂരനാകാൻ എങ്ങനെ കഴിയുന്നു?""എന്ന ചോദ്യം കേൾക്കുമ്പോൾ പക്ഷേ കെ.കെ. മേനോന് എപ്പോഴും ചിരി തന്നെയാണ്.
ഈ അഭിപ്രായങ്ങളെല്ലാം തന്റെ അഭിനയത്തിനുള്ള അംഗീകാരമാണെന്ന് മറ്റാരേക്കാളും നന്നായി അദ്ദേഹത്തിന് അറിയാം. കാരണം ഇത്ര തരംഗമുണ്ടാക്കിയ മറ്റൊരുകഥാപാത്രം ചെയ്തിട്ടില്ല. കുടുംബങ്ങളുടെ പ്രിയപ്പെട്ട സീരിയലാണിത്. പുതുകാല ജീവിതത്തിൽ അത്ര അപരിചിതമല്ലാത്ത കുറേ കഥാസന്ദർഭങ്ങൾ പങ്കുവയ്ക്കുന്ന ഈ സീരിയൽ അവർ ഏറ്റെടുത്തതു കൊണ്ടാണ് തന്റെ കഥാപാത്രത്തിനുനേരെയും ഈ അഭിപ്രായങ്ങൾ ഉയരുന്നതെന്ന തിരിച്ചറിവും കെ.കെയ്ക്കുണ്ട്. ആൾ ഒരു പാവം തന്നെയെന്ന് കൃഷ്ണകുമാർ മേനോന്റെ ചിരി കണ്ടാൽ അറിയാം. വില്ലത്തരങ്ങൾക്കിടയിൽ സീരിയലിലും ആ പുഞ്ചിരി ഇടയ്ക്ക് തെളിയാറുണ്ട്. സ്ഥിരമായി സീരിയൽ കാണുന്നവർക്ക് അറിയാം.
കൃഷ്ണകുമാർ മേനോൻ സിനിമാരംഗത്ത് അറിയപ്പെടുന്നത് കെ.കെ മേനോൻ എന്ന പേരിലാണ്. 'കുടുംബ വിളക്ക് " സീരിയലിൽ ഗൗരവക്കാരനായ സിദ്ധാർത്ഥ് എന്ന അച്ഛൻ കഥാപാത്രമായാണ് കെ.കെ. മേനോൻ അഭിനയിക്കുന്നത്. കുടുംബജീവിതത്തിൽ ഉണ്ടാവുന്ന അന്തഃസംഘർഷങ്ങളുടെ ഉത്തരവാദി സിദ്ധാർത്ഥ് ആയതിനാൽ പ്രേക്ഷകരുടെ ദേഷ്യം നന്നായി കിട്ടുന്നുണ്ട് ഈ നടന്. പക്ഷേ പ്രതികരണം എന്തായാലും ഒരു ചിരിയോടെയാണ് സ്വീകരിക്കാറുള്ളത്. പാവമായ അച്ഛന് എങ്ങനെ ഇങ്ങനെ ഒരു കഥാപാത്രമാകാൻ കഴിയുന്നു എന്ന അത്ഭുതം വീട്ടുകാർക്കുമുണ്ട്.
ഊട്ടിയിൽ നിന്നാണ് നമ്മുടെ സ്വീകരണമുറിയിലേക്ക് കെ.കെ. മേനോൻ വരുന്നത്. ഊട്ടിയിൽ സ്ഥിരതാമസമാക്കിയ മലയാളി. അച്ഛൻ സേതുമാധവമേനോന്റെ നാട് തൃപ്പൂണിത്തുറ. അമ്മ ആനന്ദവല്ലിയുടെ നാട് വൈക്കം. മൈസൂർ ജെ.എസ്.എസ് കോളേജിൽ ബി.ബി.എ പഠനം. ശേഷം കോർപറേറ്റ് സ്ഥാപനങ്ങളിൽ പതിനേഴുവർഷം ജോലി. പതിനാലുവർഷം ബാങ്കിംഗ് മേഖലയിൽ. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും ജോലി ചെയ്തു. ജോലി രാജിവച്ചാണ് അഭിനയ വഴിയിൽ എത്തിയത്. ഷങ്കറിന്റെ 2.0 ആദ്യ ചിത്രം. ഗൗതം മേനോന്റെ അച്ചം യെൺപതുമടമേയടാ, ബാലയുടെ നാച്ചിയാർ, ആദിയുടെ മീസയിൽമുറുക്ക്, കാർത്തിക് ദോസിന്റെ യുവം ഉൾപ്പടെ ഒൻപതു ചിത്രങ്ങളിൽ അഭിനയിച്ചു.സീ തമിഴിൽ സംപ്രേക്ഷണം ചെയ്ത മെല്ലെ തിരണ്ട് കടവ് സീരിയലിൽ അവതരിപ്പിച്ച പ്രതിനായക വേഷം ഏറെ ആരാധകരെ സമ്മാനിച്ചു. 'ഡോ.റാം"സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കെ.കെ. മേനോൻ മലയാള സീരിയൽ മേഖലയിൽ എത്തുന്നത്.നിരവധി പരസ്യചിത്രത്തിലും, വെബ് സീരിസിലും ഹ്രസ്വചിത്രത്തിലും ഈ മുഖം തെളിയുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് ചിരപരിചതമാണ് ഈ നടനെ. 'കുടുംബ വിളക്ക്" എന്ന സീരിയലിൽ സിദ്ധാർത്ഥിനെ അവതരിപ്പിച്ചശേഷമാണ് കൂടുതൽ പ്രശസ്തി നേടിയത്. എവിടെ കണ്ടാലും പ്രേക്ഷകർ തിരിച്ചറിയും, അഭിപ്രായങ്ങൾ പറയും. ഇത്രമാത്രം ആളുകളിലേക്ക് തന്റെ കഥാപാത്രം എത്തിയതിൽ സന്തോഷവും അഭിമാനവുമുണ്ട് അദ്ദേഹത്തിന്.
സിദ്ധാർത്ഥ് മേനോൻ ഹിറ്റാണല്ലോ?
അതേ വലിയ സന്തോഷമുണ്ട്. അത്ര ജനശ്രദ്ധയാകർഷിച്ച സീരിയലാണിത്. നായകന്റെയും വില്ലന്റെയും ഛായ ഒന്നിച്ചുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ സംതൃപ്തനാണ്. പ്രേക്ഷകരുടെ പോസിറ്റാവായും നെഗറ്റീവായുമുള്ള എല്ലാ അഭിപ്രായങ്ങളും ഹൃദയപൂർവം സ്വീകരിക്കുന്നു.
എപ്പോഴാണ് ഉള്ളിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് ഓർമ്മയുണ്ടോ?
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ സ്റ്റേജിൽ കയറിയില്ല. അപ്രതീക്ഷിതമായാണ് ഷങ്കർ സാറിന്റെ 2.0 ൽ അഭിനയിക്കുന്നത്. അക്ഷയ് കുമാറിനെയും ഛായാഗ്രാഹകൻ നിർവ് ഷായെയും കണ്ട് അത്ഭുതപ്പെട്ടു. പ്രതിനായകനായി അഭിനയിച്ച ഹിപ് ഹോപ് തമിഴയുടെ 'തക്കറു തക്കറു" മ്യൂസിക് വീഡിയോ 80 മില്യൺ കാഴ്ചക്കാരെ തന്നു. ഇതു കണ്ടാണ് സംവിധായകൻ ബാലസാർ 'നാച്ചിയാർ" എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. കലാപരമായ കഴിവില്ലെങ്കിലും ഇവിടെ വന്നശേഷം എന്റെ ജോലി ആത്മാർത്ഥതയോടെ ചെയ്യുന്നു. മലയാളത്തിൽ 24 ഡെയ്സ് ആണ് ആദ്യ ചിത്രം . ശ്രീകാന്ത് സംവിധാനം ചെയ്ത ആ ചിത്രത്തിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. അതിൽ വിക്രം എന്ന മോട്ടോർ സൈക്കിൾ സഞ്ചാരിയുടെ വേഷം അവതരിപ്പിച്ചു. അഞ്ജലി മേനോന്റെ 'കൂടെ" യിൽ ഒരു ചെറിയ വേഷം. മനു അശോകന്റെ 'ഉയരെ" യിലും അഭിനയിച്ചു. ഷങ്കർ സാറിന്റെ ഇന്ത്യൻ 2, ശശികുമാറിന്റെ രാജവംശം, പ്രഭു സോളമന്റെ ഹാത്തി മേരി സാത്തി, ശിവയുടെ മാൾ, മണിഭാരതിയുടെ ബാറ്ററി, രാജേഷ് കണ്ണന്റെ മായൻ എന്നിവ ആണ് പുതിയ ചിത്രങ്ങൾ.
ജീവിതത്തിലുള്ള കോർപറേറ്റ് ഛായ അഭിനയത്തിലുമുണ്ടെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ഉണ്ടെങ്കിൽ അതു അനുഗ്രഹമായി കരുതുന്നു. ഇക്കാര്യത്തിൽ എനിക്ക് അത്ര ഉറപ്പില്ല. എന്നാൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും കോർപറേറ്റ് ഛായയുണ്ട്. ഇതിൽ നിന്നു വ്യത്യസ്തമായി നാടൻ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അൻപതു ശതമാനം ആത്മവിശ്വാസം കൈവരിക്കാൻ കഴിയുന്നുണ്ട്. അതിൽ സന്തോഷവും അഭിമാനവുമുണ്ട്.
കുടുംബവിശേഷങ്ങൾ പറയാമോ?
ഭാര്യ രമ ശ്രീദേവി ഊട്ടി ബ്ളൂ മൗണ്ടൻ സ്കൂൾ അദ്ധ്യാപിക ആണ്. വടക്കഞ്ചേരി ആണ് നാട്. മൂത്ത മകൻ അക്ഷർ പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞു. ഇളയ മകൻ ഹൃദയ് ഒൻപതാം ക്ളാസിൽ പഠിക്കുന്നു.കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. 35 വർഷമായി ഊട്ടി അയ്യപ്പക്ഷേത്രത്തിൽ മാനേജരാണ് അച്ഛൻ. ഞങ്ങൾ എല്ലാവരും തികഞ്ഞ അയ്യപ്പവിശ്വാസികൾ. ഊട്ടി ആണ് എന്നെ വളർത്തി വലുതാക്കിയതെങ്കിലും കേരളവുമായി അടുത്ത ബന്ധമുണ്ട്.