ന്യൂഡൽഹി : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് മമത ബാനർജിക്ക് രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ബി.ജെ.പി അനുകൂല ചാറ്റ് പുറത്തുവന്നു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം നേടുമെന്ന് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ക്ലബ് ഹൗസിന്റെ ചാറ്റിൽ പ്രശാന്ത് കിഷോർ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. ബി.ജെ.പിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ചാറ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയെപ്പോലെ ജനകീയനാണെന്നും ചാറ്റിൽ പ്രശാന്ത് കിഷോർ പറയുന്നു,
നാലാം ഘട്ട പോളിംഗ് ബംഗാളിൽ തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മോദിയെ പ്രകീർത്തിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. . മമത ബാനർജി സർക്കാരിനുനേർക്കുള്ള ധ്രുവീകരണം, രോഷം തുടങ്ങിയവയും ദളിത് വോട്ടുകളും മാത്വവ സമുദായത്തിന്റെ വോട്ടുകളും ബിജെപിക്ക് അനുകൂലമായി ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുമെന്നും കിഷോർ പറയുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മാദ്ധ്യമപ്രവർത്തകരുമായുള്ള ചാറ്റിലാണ് കിഷോർ ഇക്കാര്യങ്ങൾ പറയുന്നത് 'മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദളിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദളിതർ 27 ശതമാനവും. അവർ ബി.ജെ.പിക്കൊപ്പമാണ് നിൽക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു'. ഓഡിയോ ക്ലിപ്പിൽ കിഷോർ പറയുന്നു.
In a public chat on Club House, Mamata Banerjee’s election strategist concedes that even in TMC’s internal surveys, BJP is winning.
The vote is for Modi, polarisation is a reality, the SCs (27% of WB’s population), Matuas are all voting for the BJP!
BJP has cadre on ground. pic.twitter.com/3ToYuvWfRm
തൃണമൂലിന്റെ കൈയിൽനിന്ന് ഈ തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടുപോയെന്നാണ് അമിത് മാളവ്യ ട്വീറ്റിൽ ആരോപിക്കുന്നത്. അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് കിഷോർ ചോദിച്ചു. ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയുന്നു – ബംഗാളിൽ ബി.ജെ.പി 100 സീറ്റുകൾ കടക്കില്ല, പ്രശാന്ത് കിഷോർ വ്യക്തമാക്കി.