ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ ദുഃഖാർത്തരായി ബ്രിട്ടീഷ് ജനത. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെ നാഴികമണികൾ 99 തവണ അടിച്ചും രാജകൊട്ടാരത്തിന്റെ ദുഃഖത്തിൽ ജനങ്ങൾ പങ്കാളികളായി. പതിനായിരങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാര മുറ്റത്ത് പൂക്കളർപ്പിക്കാനായി എത്തുന്നത്. 100ാം ജന്മദിനം ആഘോഷിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെയായിരുന്നു ഫിലിപ്പിന്റെ വിയോഗം.
മേയിൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ രാജകുമാരന് ആദരമർപ്പിച്ച് പ്രചാരണ പരിപാടികൾ തത്കാലം നിറുത്തിവച്ചു. ടെലിവിഷൻ ചാനലുകളിൽ രാജകുമാരന് ആദരമർപ്പിക്കുന്ന ചടങ്ങുകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. അന്ത്യയാത്ര പൂർത്തിയാകുന്നതുവരെ എട്ടു ദിവസം രാജ്യത്ത് ദുഃഖാചരണമുണ്ടാകും.അതേസമയം, അന്ത്യയാത്രക്കുള്ള ചടങ്ങുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കൊവിഡ് മൂലം സുരക്ഷാനടപടികൾ പാലിച്ചായിരിക്കും അന്ത്യോപചാര പരിപാടികൾ നടത്തുന്നത്. രാജകൊട്ടാര പരിസരത്ത് തിങ്ങിക്കൂടുന്നത് ഉപേക്ഷിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം സേവനങ്ങൾക്ക് സംഭാവന നൽകുന്നത് പരിഗണിക്കാനും നിർദ്ദേശമുണ്ട്.ലണ്ടനിലുംവിൻഡ്സറിലും മൃതദേഹം വഹിച്ചുള്ള വിലാപ യാത്രകൾ ഭാഗികമായോ പൂർണമായോ ഉപേക്ഷിക്കും. 30ൽ കൂടുതൽ പേർക്ക് അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാനാകില്ലെന്നാണ് നിലവിലെ നിയമം. എന്നാൽ, വിവിധ ലോക നേതാക്കൾ ഉൾപ്പെടെ 800 പേർ കൊട്ടാരത്തിലെത്തുമെന്നാണ് വിവരം. അതേസമയം, ഒന്നാം ലോക മഹായുദ്ധകാലത്തെ ആറ് 13-പൗണ്ടർ ഫീൽഡ് തോക്കുകൾ ഉപയോഗിച്ച് ഇന്നലെ ആചാര വെടി മുഴക്കിയിരുന്നു.
@ മാഞ്ഞത് രാജകുടുംബത്തിലെ പ്രധാന കണ്ണി
2017ൽ പൂർണ വിശ്രമത്തിലേക്ക് മടങ്ങും വരെ എലിസബത്ത് രാജ്ഞിയുടെ വഴികാട്ടിയായി ഫിലിപ്പ് രാജകുമാരൻ ഒപ്പമുണ്ടായിരുന്നു. 2019ൽ ഒരു കാർ അപകടത്തിൽ പരിക്കുപറ്റിയതോടെ അദ്ദേഹം പൊതു ജീവിതത്തോട് മുഴുവനായും വിട പറഞ്ഞു. രാജകുടുംബത്തെ ആധുനികതയിലേക്ക് നയിച്ച വ്യക്തിത്വമായാണ് ഫിലിപ്പ് രാജകുമാരൻ ആദരിക്കപ്പെടുന്നത്. കവിതയിലും മതമീമാംസയിലും അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു. വിശാലമായ കലാ സൃഷ്ടികളുടെ ശേഖരവും 11,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറിയും അദ്ദേഹത്തിനുണ്ടായിരുന്നു. പോളോയിലും കാറോട്ടത്തിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. രാജഭരണത്തിൽ നേരിട്ട് പങ്കില്ലാത്തതിനാൽ വിവിധ സംഘടനകളുടെയും സമാന പ്രവർത്തനങ്ങളുടെയും അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.